വാഷിംഗ്ടണ്‍: യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവും അഭിഭാഷകയുമായ മീന ഹാരിസ്. ട്വിറ്ററിലൂടെയായിരുന്നു മീനയുടെ പ്രതികരണം.
‘മറ്റൊരു യുവ ആക്ടിവിസ്റ്റിനെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നു. കര്‍ഷകസമരത്തെ എങ്ങനെ പിന്തുണയ്ക്കാമെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ദിഷയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ആക്ടിവിസ്റ്റുകളെ സര്‍ക്കാര്‍ ലക്ഷ്യമിടുകയും അവരെ നിശബ്ദരാക്കുകയും ചെയ്യുന്നത്’, മീന ട്വിറ്ററിലെഴുതി.
കനേഡിയന്‍ കവി രൂപി കൗര്‍ ട്വീറ്റ് ചെയ്ത ലിങ്ക് പങ്കുവച്ചായിരുന്നു മീനയുടെ ട്വീറ്റ്.
ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.



