ആലപ്പുഴ: വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന നായ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരുവുനായ നിയന്ത്രണ പരിപാടികളുടെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ തെരുവുനായ്ക്കളുടെ വന്ധ്യംങ്കരണവുമായി ബന്ധപ്പെട്ട എ.ബി.സി (ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍) പദ്ധതി വളരെ വിജയകരമായാണ് നടന്നു വരുന്നത്. ജില്ലാ പഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്നു നടത്തുന്ന എ.ബി.സി പദ്ധതി വഴി ജില്ലയിലെ 72 പഞ്ചായത്തുകളിലും 6 നഗരസഭകളിലുമായി 9376 തെരുവ് നായ്ക്കളെ ഇതുവരെ വന്ധീകരണത്തിന് വിധേയമാക്കി കഴിഞ്ഞു. 1,89,97,938 രൂപയാണ് പദ്ധതിക്കായി ഇത് വരെ ചെലവഴിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയം ഭരണ ( പഞ്ചായത്ത് / മുനിസിപ്പാലിറ്റി ) വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, കുടുംബശ്രീ, മൃഗക്ഷേമ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.



