തൃശ്ശൂർ: ജില്ലയിലെ വിവിധ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇന്സ്ടിട്യൂട്ടുകളിൽ നിന്നും പഠിച്ചിറങ്ങിയവർക്ക് തൊഴിൽ അവസരമൊരുക്കാൻ സ്പെക്ട്രം 2021 തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9 മുതൽ ചാലക്കുടി ഐടിഐയിൽ നടക്കുന്ന തൊഴിൽ മേള ബി ഡി ദേവസ്സി എംഎൽഎ ഉദ്ഘാടനം ചെയ്യും.
കേരള സർക്കാരിന്റെ തൊഴിൽ നൈപുണി വകുപ്പാണ് ഐടിഐ പാസായവർക്ക് തൊഴിലവസരങ്ങൾ നൽകാൻ ജില്ലാടിസ്ഥാനത്തിൽ സ്പെക്ട്രം തൊഴിൽമേള നടത്തുന്നത്. മേളയിൽ പങ്കെടുക്കുന്ന ജില്ലയിലെ ഐടിഐ കളിൽ നിന്നും പാസായിട്ടുള്ള തൊഴിൽരഹിതർക്ക് കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിൽ ജോലിനേടാൻ അവസരം ലഭിക്കും.
അമ്പതോളം കമ്പനികൾ സ്‌പെക്ട്രം ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക ഓൺലൈൻ പോർട്ടൽ ആയ www.spectrumjobs.org വഴി തൊഴിൽ മേളയിർ പേര് രജിസ്റ്റർ ചെയ്യാം. നേരിട്ട് മേളയിൽ എത്തുന്നവർക്കും രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ തൊഴിൽ മേളയിൽ എഴുന്നൂറിൽ പരം ട്രെയിനികൾ തൊഴിൽ നേടിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 8921492353 എന്ന നമ്പറിൽ പ്ലേസ് മെന്റ് ഓഫീസറെ വിളിക്കാം. ചാലക്കുടി മുൻസിപ്പാലിറ്റി ചെയർമാൻ വി ഒ പൈലപ്പൻ, ചാലക്കുടി ഗവ ഐടി ഐ പ്രിൻസിപ്പാൾ ആബിദ കെ എ, മാള ഐ ടി ഐ പ്രിൻസിപ്പാൾ ജീന കെ ജി തുടങ്ങിയവർ മേളയുടെ ഭാഗമായ ചടങ്ങിൽ പങ്കെടുക്കും.



