ന്യൂഡല്‍ഹി: എന്‍ജിനീയറിങ്, മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ. മെയിന്‍, നീറ്റ് പരീക്ഷകളുടെ സിലബസില്‍ മാറ്റമില്ലെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാല്‍, മുന്‍വര്‍ഷങ്ങളിലേതില്‍നിന്നു വ്യത്യസ്തമായി കുട്ടികള്‍ക്കു ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കും. ഫെബ്രുവരി 23-26, മാര്‍ച്ച് 15-18, ഏപ്രില്‍ 27-30, മേയ് 24-28 ദിവസങ്ങളില്‍ നാലു ഘട്ടങ്ങളിലാണ് ഇക്കൊല്ലം ജെ.ഇ.ഇ. മെയിന്‍ പരീക്ഷ നടത്തുന്നത്. ഫെബ്രുവരി പരീക്ഷയ്ക്ക് വരുന്ന 23 വരെ അപേക്ഷ സമര്‍പ്പിക്കാം.
സിലബസ് മാറ്റമില്ലെങ്കിലും ആകെയുള്ള 90 ചോദ്യങ്ങളില്‍ 75 എണ്ണത്തിന് ഉത്തരമെഴുതിയാല്‍ മതിയാകും (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ 25 വീതം). നീറ്റിന്റെ തീയതിയും പരീക്ഷാ പാറ്റേണും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജെ.ഇ.ഇ. പരീക്ഷയുടെ കാര്യത്തിലെന്നപോലെ ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.




