കാര്‍ പാര്‍ക്കുചെയ്യുന്നതിനിടെ വീട്ടമ്മ അപകടത്തില്‍ പെട്ടു

അജ്‌മാന്‍: ഭര്‍ത്താവ്‌ കാര്‍ പാര്‍ക്കുചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്‌ മലയാളി വീട്ടമ്മക്ക്‌ ദാരുണാന്ത്യം. അജ്‌മാനിലെ ആശുപത്രിയുടെ പാര്‍ക്കിംഗില്‍ വച്ചാണ്‌ അപകടം. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ്‌ അപകടത്തില്‍ പെട്ടത്‌. ഗുരുതരമായി പരിക്കേറ്റ ലിജി പിന്നീട്‌ മരണപ്പെടുകയായിരുന്നു. അജ്‌മനിലെ ആശുപത്രിയില്‍ ആരോഗ്യ പരിശോധനക്കെത്തിയതായിരുന്നു ഇരുവരും. പാര്‍ക്കിംഗ്‌ ഏരിയയില്‍ കാര്‍ ശരിയായി പാര്‍ക്ക്‌ ചെയ്യാന്‍ ഭര്‍ത്താവിന്‌ നിര്‍ദ്ദേശം നല്‍കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ മുന്നോട്ട നീങ്ങുകയും ലിജിയെ ഇടിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ ഉടന്‍ പോലീസ്‌ സ്ഥലത്തെത്തി ലിജിയെ ആശുപത്രിയിലേക്ക മാറ്റി. എന്നാല്‍ പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ മരണപ്പെടുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന്‌ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ അധികൃതര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്‌ . ആയതിനാല്‍ ഇതുപോലുളള സന്ദര്‍ഭങ്ങളില്‍ പ്രത്യേകം ശ്രദ്ധവേണമെന്ന്‌ പോലീസും സാമൂഹ്യ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം