ബജറ്റ്: 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കും, വിവിധ കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിക്കും

തിരുവനന്തപുരം: റബര്‍ അധിഷ്ടിത വ്യവസായങ്ങളുടെ ഹബ്ബ് സ്ഥാപിക്കുന്നതിനായി 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. 1050 കോടിരൂപയാണ് പ്രതീക്ഷിത മുതല്‍ മുടക്ക്. അമൂല്‍ മോഡല്‍ റബര്‍ സംഭരിക്കുന്ന സഹകരണ സംഘം ഈ കമ്പനിയുമായി ബന്ധപ്പെട്ടാകും പ്രവര്‍ത്തിക്കുക. വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലത്തായിരിക്കും കമ്പനിയുടെ ആസ്ഥാനം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 250 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞു. കമ്പനിയുടെ രൂപീകരണത്തിനുവേണ്ടിയുള്ള പ്രാരംഭ ചെലവുകള്‍ക്കായി 4.5 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വിവിധ കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിക്കും. ഇലക്ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് കെല്‍ട്രോണ്‍ ആരംഭിച്ചത്. പല കാരണങ്ങള്‍ കൊണ്ടും ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായില്ല. കേരളത്തിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ വ്യവസായത്തിന്റെ നട്ടെല്ലായി ഇനിയും കെല്‍ട്രോണ്‍ തുടരും. വിവിധ കെല്‍ട്രോള്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തും. ആമ്പല്ലൂരിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്കിന്റെ നിര്‍മാണം ഊര്‍ജിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം