ന്യൂഡൽഹി: അനിൽ അംബാനിയുടെ 3 ബാങ്ക് അക്കൗണ്ടുകൾ വ്യാജമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡൽഹി ഹൈക്കോടതിയിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.
അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇന്ഫ്രാടെൽ എന്നീ ബാങ്ക് അക്കൗണ്ടുകൾ വ്യാജമാണെന്നാണ് എസ്ബിഐ കോടതിയെ അറിയിച്ചത്. തങ്ങൾ നടത്തിയ ഓഡിറ്റിനിടെ ഫണ്ടുകളിൽ ക്രമക്കേടും ഫണ്ടുകൾ വഴി തിരിച്ച് വിടലും അടക്കമുളളവ കണ്ടെത്തിയെന്നും എസ്ബിഐ പറഞ്ഞു. മൂന്ന് അക്കൗണ്ടുകളിലുമായി 49000 കോടിയോളം രൂപയുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ വ്യാജമെന്ന് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച റിസർവ് ബാങ്കിന്റെ 2016ലെ സർക്കുലർ റിലയൻസ് കമ്മ്യൂണിക്കേഷന്റെ മുൻ ഡയറക്ടർ പുനീത് ഗാർഗ് ചോദ്യം ചെയ്തിരുന്നു. ഉടമകൾക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാതെ അക്കൗണ്ട് വ്യാജമെന്ന് പ്രഖ്യാപിക്കുന്ന നടപടി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പുനീത് ഹൈക്കോടതി സമീപിച്ചു. എന്നാൽ ഇപ്പോൾ റിലയൻസിന്റെ ബാങ്ക് അക്കൗണ്ടുകൾ വ്യാജമെന്ന് ബാങ്ക് തന്നെ കണ്ടെത്തിയിരിക്കുകയാണ്.
ഒരു അക്കൗണ്ട് വ്യാജമെന്ന് കണ്ടെത്തിയാൽ അത് റിസർവ് ബാങ്കിനെ അറിയിക്കണമെന്നാണ് ചട്ടം. വ്യാജ അക്കൗണ്ടിൽ ഒരു കോടി രൂപയ്ക്കു മുകളിൽ ഉണ്ടെങ്കിൽ സിബിഐയും ഒരു കോടിക്ക് താഴെയാണെങ്കിൽ ലോക്കൽ പോലീസും കേസ് അന്വേഷിക്കണം.
പാപ്പരത്വം ഫയൽ ചെയ്യുന്ന സമയത്ത് റിലയൻസ് കമ്മ്യൂണിക്കേഷന് 49000 കോടി രൂപയാണ് കടമുണ്ടായിരുന്നത്. റിലയൻസ് ഇന്ഫ്രാടെലിന് 12000 കോടി രൂപയ്ക്ക് മുകളിലും റിലയൻസ് ടെലികോമിന് 24000 കോടി രൂപയ്ക്ക് മുകളിലും കടമുണ്ടായിരുന്നു.