റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അഭയ കേസിൽ സിബിഐ കോടതി വിധി പറഞ്ഞതിന് പിന്നാലെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം നിർവികാരമായാണ് വിധിയോട് ഫാദർ തോമസ് കോട്ടൂർ പ്രതികരിച്ചത്.

ഇരുവരും കുറ്റക്കാരാണെന്ന് കോടതി പറഞ്ഞതിന് പിന്നാലെയായിരുന്നു കോടതി മുറിയില്‍ സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞത്. സെഫിക്കെതിരെ കൊലക്കുറ്റം തെളിവുനശിപ്പിക്കല്‍ എന്നിവ തെളിഞ്ഞതായി കോടതി പറഞ്ഞു. കോട്ടൂരിനെതിരെ അതിക്രമിച്ചുകടക്കല്‍, ഗൂഢാലോചന, കൊലക്കുറ്റം എന്നീ വകുപ്പുകളും തെളിഞ്ഞിരുന്നു.

അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെൻ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.

പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *