തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരായ പരസ്യ വിമർശനവും പോസ്റ്റർ പതിക്കലുമെല്ലാം 16/12/20 ബുധനാഴ്ച വൈകിട്ട് മുതൽ തന്നെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംഘടനാ തലത്തിലെ വീഴ്ച ഉയര്‍ത്തിക്കാട്ടി നിരവധി നേതാക്കള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് നേതൃത്വത്തെ പേരെടുത്ത് വിമര്‍ശിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ അടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം 17/12/20 വ്യാഴാഴ്ച ചേരാനിരിക്കെയായിരുന്നു അണികളുടെ പോസ്റ്റര്‍ പ്രതിഷേധം. തിരുവനന്തപുരം കോര്‍പറേഷനിലെ ദയനീയ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണു ആദ്യം പോസ്റ്ററുകള്‍ പതിച്ചത്.
യൂത്ത് കോണ്‍ഗ്രസിന്റെ പേരിലായിരുന്നു പോസ്റ്ററുകള്‍. സീറ്റ് വില്‍ക്കാന്‍ കൂട്ടുനിന്ന നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ ആവശ്യം. മുന്‍മന്ത്രി വി എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുപറഞ്ഞാണു പോസ്റ്ററിലെ ആരോപണങ്ങള്‍.
ഡിസിസി പിരിച്ചുവിടണമെന്നും പോസ്റ്ററില്‍ ആവശ്യമുണ്ട്. കെപിസിസി ആസ്ഥാനം കൂടാതെ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിലും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. 100 അംഗ തിരുവനന്തപുരം കോര്‍പറേഷനില്‍ 10 സീറ്റ് മാത്രമാണു കോണ്‍ഗ്രസിന് നേടാനായത്. ഇതാണ് അണികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍.
ആരാണു ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും പോസ്റ്ററുകള്‍ക്കും പിന്നിലെന്ന് വ്യക്തമായിട്ടില്ല.




