കോഴിക്കോട്: കെ.എം. ഷാജി എം.എൽ.എയുടെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. കെ. എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്ന പരാതിയിൽ കോഴിക്കോട് കല്ലായിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വെച്ചാണ് മൊഴിയെടുത്തത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ലീഗ് എം.എൽ.എ . എം. കെ മുനീറിനെതിരെയും പരാതി ഉയർന്നത്. ഐ.എൻ.എൽ നേതാവ് അബ്ദുൾ അസീസാണ് മുനീറിനെതിരെ പരാതി നൽകിയത്.
ഷാജിയുടെ പേരിലുള്ള കോഴിക്കോട്ടെ ഭൂമി വാങ്ങിയതിൽ മുനീറും പങ്കാളിയായിരുന്നു എന്ന് അബ്ദുൾ അസീസ് പരാതിയിൽ ഉന്നയിക്കുന്നു. 92 സെന്റ് വരുന്ന സ്ഥലം മുനീറിന്റെ ഭാര്യ നഫീസയുടെയും ഷാജിയുടെ ഭാര്യയുടെയും പേരിലാണ് വാങ്ങിയിരിക്കുന്നത്. ഈ സ്ഥലം 1.2 രൂപയ്ക്ക് വാങ്ങിയതിന് ശേഷം 37 ലക്ഷം രൂപയ്ക്ക് മാത്രമാണ് വാങ്ങിയതെന്ന് വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് പരാതി.



