അമൃത്സര്‍: കര്‍ഷകര്‍ ഒന്നടങ്കം കാര്‍ഷിക നിയമത്തിനെതിരെ നില്‍ക്കുമ്പോഴും കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പോലും തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയോട് ചോദിച്ചു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. കര്‍ഷകരും കേന്ദ്രവും ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെയേ പ്രശ്നം പരിഹരിക്കാവൂയെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചന, അനുരഞ്ജനം, അതിലൂടെ ഉരുത്തിരിയുന്ന തീരുമാനം എന്നിവയെല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപത്യത്തിനെതിരെ യുദ്ധം ചെയ്തയാളാണ് ഞാന്‍. ജനാധിപത്യമൂല്യങ്ങളോടുള്ള ബഹുമാനം വളരെ സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ നിന്നും പുറത്ത് കടക്കുന്നതില്‍ നിന്നും സഹായിക്കുമെന്നാണ് എന്റെ പരിചയസമ്പത്ത് എന്നെ പഠിപ്പിച്ചത്,’ അദ്ദേഹം കത്തില്‍ പറഞ്ഞു.
ഇപ്പോഴുണ്ടായിരിക്കുന്ന മുറിവുണങ്ങാന്‍ കാലമേറെയെടുക്കുമെന്നും അദ്ദേഹം കത്തിലെഴുതി. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് പ്രകാശ് സിംഗ് ബാദല്‍ പദ്മ വിഭൂഷണ്‍ തിരിച്ച് നല്‍കുകയാണെന്ന് അറിയിച്ചിരുന്നു. കാര്‍ഷികനിയമത്തില്‍ കേന്ദ്രവുമായി വിയോജിച്ചാണ് ശിരോമണി അകാലിദള്‍ എന്‍.ഡി.എ യില്‍ നിന്ന് പുറത്ത് പോന്നത്.



