ന്യൂഡൽഹി: ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് വിടാവുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പ്രയോഗിച്ചു. ശബ്ദത്തിൻ്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന മിസൈലിന്റെ ലാൻഡ് അറ്റാക്ക് പതിപ്പാണിത്. ചൊവ്വാഴ്ച(24/11/2020) രാവിലെ 10 മണിയോടെ ആൻഡമാൻ നിക്കോബാറിലാണ് പരീക്ഷണം നടന്നത്.
അടുത്ത ഏതാനും ദിവസങ്ങളിൽ ഇന്ത്യൻ വ്യോമസേനയും നാവികസേനയും സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമ, നാവിക പതിപ്പുകളുടെ പ്രത്യേക പരീക്ഷണ ഫയറിംഗ് നടത്തും.
ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസ് അന്തർവാഹിനികളിൽ നിന്നോ കപ്പലുകളിൽ നിന്നോ വിമാനത്തിൽ നിന്നോ ലാൻഡ് പ്ലാറ്റ്‌ഫോമുകളിൽ നിന്നോ വിക്ഷേപിക്കാൻ കഴിയുന്ന മിസൈൽ വികസിപ്പിക്കുകയാണ്.
ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് നിരവധി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ 2022 ഓടെ സേനയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന രുദ്രം -1 എന്ന റേഡിയേഷൻ വിരുദ്ധ മിസൈൽ ഉൾപ്പെടെ നിരവധി മിസൈലുകൾ ഇന്ത്യ പരീക്ഷിച്ചു കഴിഞ്ഞു.
ഒക്ടോബർ 18 ന് അറേബ്യൻ കടലിൽ തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്ന് ബ്രഹ്മോസ് മിസൈലിന്റെ നാവിക പതിപ്പ് വിജയകരമായി പരീക്ഷിച്ചിരുന്നു.




