തിരുവല്ല: കെ.എസ്.ആർ.ടി.സി. ബസുകളെ കല്യാണ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അധികൃതർ പറയുന്നു.കെ.എസ്.ആർ.ടി.സി. ബസ് വാടകയ്ക്കെടുക്കുന്നത് ട്രെൻഡായി മാറുകയാണ്.കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയിലധികം ബസുകളാണ് ഇപ്പോൾ കല്യാണവണ്ടികളായി മാറുന്നത്.
കഴിഞ്ഞവർഷം 205 ബസുകളായിരുന്നത് ഈ വർഷം ഇതുവരെ അഞ്ഞൂറോളം ബസുകൾ വാടകയ്ക്ക് പോയി
കഴിഞ്ഞവർഷം ഏപ്രിലിൽ സംസ്ഥാനത്ത് ആകെ 205 ബസുകളാണ് കെ.എസ്.ആർ.ടി.സി.യിൽനിന്ന് കല്യാണ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തത്. ഈ ഏപ്രിലിൽ ഇതുവരെ അഞ്ഞൂറോളം ബസുകൾ കല്യാണ സർവീസുകളായി. കഴിഞ്ഞ ഞായറാഴ്ചമാത്രം പത്തനംതിട്ട ജില്ലയിൽ 17 ബസുകളാണ് ഈ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തത്. ആലപ്പുഴയിൽ അഞ്ച് ബസും സ്പെഷൽ ഓട്ടത്തിനുപോയി.
ഓഡിനറി ബസിനാണ് കൂടുതൽ ഡിമാൻഡ്.
.ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലാണ് കല്യാണ ഓട്ടത്തിന് കെ.എസ്.ആർ.ടി.സി.യെ കൂടുതൽ ആശ്രയിക്കുന്നത്. ഓഡിനറി ബസിനാണ് കൂടുതൽ ഡിമാൻഡ്. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ലോ ഫ്ളോർ ബസുകളും വാടകയ്ക്ക് നൽകും. അതത് ഡിപ്പോകളിലെ വാഹനങ്ങളുടെ അവസ്ഥയനുസരി ച്ചിരിക്കും ലഭ്യത. ഓഡിനറി ബസിന് 3600 രൂപമുതൽ വാടക തുടങ്ങും. സ്വകാര്യ വാഹനങ്ങൾക്ക് ഇരട്ടിത്തുകയെങ്കിലും വരുന്ന സ്ഥാനത്താണിത്.
പാക്കേജ് ട്രിപ്പുകൾ തുടങ്ങിയതോടെയാണ് കല്യാണ ഓട്ടത്തിനും ഡിമാൻഡ് കൂടിയത്.
കെ.എസ്.ആർ.ടി.സി. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കേജ് ട്രിപ്പുകൾ തുടങ്ങിയതോടെയാണ് കല്യാണ ഓട്ടത്തിനും ഡിമാൻഡ് കൂടിയത്. ട്രിപ്പുകളിൽ പങ്കെടുക്കുന്നവരുടെ ഗ്രൂപ്പിൽ നിന്നാണ് കെ.എസ്.ആർ.ടി.സി. ബസുകൾ സ്പെഷൽ ഓട്ടത്തിനായി കൂടുതലും ബുക്കുചെയ്യുന്നത്.


