ചെന്നൈ: തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനായി വാഹനത്തില്‍ നിന്നിറങ്ങി നടന്നപ്പോഴാണ് എറിഞ്ഞത്. പ്ലക്കാര്‍ഡ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമിത് ഷാ ഗോബാക്ക് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങാക്കി അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് അദ്ദേഹം തമിഴ്‌നാട്ടില്‍ എത്തിയത്.
പ്രോട്ടോക്കോളുകള്‍ ഒഴിവാക്കി വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡിലൂടെ നടക്കുന്നതിനിടെയാണ് പ്ലക്കാർഡ് എറിഞ്ഞത്. എയര്‍പോര്‍ട്ടിന് പുറത്തുള്ള ജിഎസ്ടി റോഡിലൂടെ നടക്കുന്നതിനിടെയാണ് സംഭവം.
മുഖ്യമന്ത്രി കെ പളിനസ്വാമിയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച് വരുന്ന വഴി അപ്രതീക്ഷിതമായാണ് അമിത് ഷാ പ്രോട്ടോക്കോൾ ഒഴിവാക്കി നടന്നത്.
റോഡരികില്‍ കൂടിനിന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കാര്‍ നിര്‍ത്തി ഇറങ്ങിച്ചെല്ലുകയായിരുന്നു. പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും അതു ഭേദിച്ചാണ് പ്ലക്കാർഡ് വലിച്ചെറിഞ്ഞത്.



