ജയ്പൂർ: അയോധ്യയിൽ നിർമാണം തുടങ്ങിയ രാമക്ഷേത്രത്തിനായി അപൂർവമായ പിങ്ക് മണൽക്കല്ലുകൾ ( Pink Sandstone) ലഭ്യമാക്കാൻ വന്യജീവി സങ്കേതത്തെ ഖനനത്തിനു വിട്ടു കൊടുക്കാൻ രാജസ്ഥാൻ സർക്കാരിന്റെ നീക്കം. ഭരത്പൂരിലെ ബാൻഡ് ബരെത്ത വന്യ ജീവി സങ്കേതത്തിലെ പഹൻ പൂർ ബ്ലോക്കിനെ വനം വന്യജീവി സംരക്ഷണ പരിധിയിൽ നിന്നും ഒഴിവാക്കി ഖനനാനുമതി നൽകാനാണ് അടിയന്തിര നടപടികൾ തുടങ്ങിയത്.
ഭരത്പൂർ ജില്ലാ കളക്ടർ നാഥ്മൽ ഡിഡെൽ പറയുന്നതനുസരിച്ച്, ബൻസി പഹർപൂർ ബ്ലോക്കിൽ ഖനനം പുനരാംരംഭിക്കാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വനഭൂമിയെന്ന പദവി നീക്കം ചെയ്യപ്പെടുന്നതോടെ ഖനനത്തിന് നിയമപരമായ തടസ്സങ്ങൾ ഇല്ലാതാകും. റവന്യൂ, വനം, ഖനന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് പ്രാഥമിക സർവേ നടത്തുന്നതെന്ന് കളക്ടർ പറഞ്ഞു.
556 ഹെക്ടർ സ്ഥലത്ത് പ്രാഥമിക സർവേ പൂർത്തിയാക്കിയ ശേഷം മുഖ്യ വന്യജീവി വാർഡന് റിപ്പോർട്ട് അയയ്ക്കും. തുടർന്ന് ശുപാർശകൾ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് കാണപ്പെടുന്ന പിങ്ക് മണൽക്കല്ലുകൾ രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.
1985 ൽ 199 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ബാൻഡ് ബാരെത്ത വന്യ ജീവി സങ്കേതം നിലവിൽ വന്നു എങ്കിലും 1960 കളിൽ തുടങ്ങിയ മണൽക്കല്ല് ഖനനം തടസ്സമില്ലാതെ തുടർന്നു വന്നു. 1989 ൽ രാമക്ഷേത്രത്തിന് ശിലാന്യാസം നടന്നതു മുതൽ ബാൻബരെത്തയിൽ നിന്നും ആയിരക്കണക്കിന് ലോഡ് കല്ലുകൾ അയോധ്യയിലേക്ക് കൊണ്ടു പോകുന്നുണ്ട്.
2016 ൽ വന്യജീവി സങ്കേതത്തിൽ ഔദ്യോഗികമായി ഖനനം നിരോധിക്കപ്പെട്ടു. നിരോധനമുണ്ടെങ്കിലും അനധികൃത ഖനനം തുടർന്നു വന്നു. എന്നാൽ 2020 സെപ്റ്റംബർ 7 ന് ബൻസി പഹാർപൂരിൽ അനധികൃതമായി ഖനനം ചെയ്ത മണൽ കല്ലുകൾ നിറച്ച 25 ട്രക്കുകൾ ഭരത്പൂർ ഭരണകൂടം പിടിച്ചെടുത്തു. ഇതോടെ അയോധ്യയിലേക്കുള്ള മണൽക്കല്ലിന്റെ വരവും നിലച്ചു. അയോധ്യയിലേക്കുള്ള പിങ്ക് മണൽ കല്ലുകൾ പിടിച്ചെടുത്തതിൽ അയോധ്യയിലെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ക്ഷേത്രത്തിന്റെ നിർമാണം രാജ്യത്തിന്റെ ആവശ്യമാണെന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ മനസ്സിലാക്കണമെന്നും , ബൻസി പഹൻപൂർ ഖനികൾ നിയമ വിധേയമാക്കാനുള്ള ഏത് നടപടിയെയും തങ്ങൾ സ്വാഗതം ചെയ്യുമെന്നുമായിരുന്നു അയോധ്യയിലെ വി എച്ച് പി വക്താവ് ശരദ് ശർമ പ്രതികരിച്ചത്.
“രാജസ്ഥാൻ സർക്കാർ ഒരിക്കലും കല്ല് വിതരണത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചിട്ടില്ല. എന്നിരുന്നാലും, ഭരത്പൂരിലെ ബൻസി പഹർപൂരിൽ വനം -വന്യജീവി നിയമത്തിന്റെ പേരിൽ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ രാജസ്ഥാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് ” മുതിർന്ന വിഎച്ച്പി നേതാവ് ത്രിലോകി നാഥ് പാണ്ഡെ പറഞ്ഞു.
രാമക്ഷേത്രത്തിന് നിർമാണ സാമഗ്രികൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് ഉത്തർപ്രദേശിലെ മായാവതി, മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ എല്ലാ മുൻ സർക്കാരുകളുടെയും സഹകരണം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലക്ഷം ഘനയടി കല്ല് ഇതിനകം ശേഖരിച്ചുവെച്ചിട്ടുണ്ടെന്നും രണ്ട് ലക്ഷം ഘനയടി ഇനിയും ആവശ്യമാണെന്ന് ക്ഷേത്ര പദ്ധതിയുമായി ബന്ധപ്പെട്ട ആർക്കിടെക്റ്റ് അനുഭായ് സോംപുര പറഞ്ഞു.



