ന്യൂയോര്‍ക്ക്: മുഖ്യധാരാ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് പോളുകള്‍ കൃത്യതയില്ലാത്തവയാണെന്നും അവരുടെ ഇടപെടലുകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ”ഫോക്‌സ് ന്യൂസ്, ക്വിന്‍പിപിയാക് പോള്‍, എബിസി / വാപ്പോ, എന്‍ബിസി / ഡബ്ല്യുഎസ്‌ജെ എന്നിവ തന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച നല്‍കിയ വോട്ടെടുപ്പുകള്‍ കൃത്യതയില്ലാത്തതായിരുന്നു, ഇത് എന്റെ തിരഞ്ഞെടുപ്പിനെ ശരിക്കും ബാധിച്ചു,” അതിനാല്‍ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് ഇടപെടലിന് വിലക്കേര്‍പ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അതേസമയം, ട്രംപ് ഇതുവരെ പരാജയം അംഗീകരിച്ചിട്ടില്ല. ഭാര്യ മെലാനിയയും മരുമകന്‍ ജെറാഡ് കുഷ്‌നറും അടക്കമുള്ള കുടുംബാംഗങ്ങള്‍ തോല്‍വിയുടെ യാഥാര്‍ത്ഥ്യം ട്രംപിനെ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും പിന്മാറാതെ നിയമപോരാട്ടവുമായി മുന്നോട്ടുപോവുകയാണ് ഡോണള്‍ഡ് ട്രംപ്. ഇലക്ഷന്‍ തിരിമറിയിലൂടെയാണ് ബൈഡന് വോട്ടുകള്‍ കിട്ടിയതെന്നും നിയമപ്രകാരമുള്ള വോട്ടുകളുടെ അടിസ്ഥാനത്തില്‍ താനാണ് വിജയിച്ചത് എന്നുമാണ് ട്രംപിന്റെ വാദം.
ഞങ്ങള്‍ വലിയ പുരോഗതിയുണ്ടാക്കുന്നുണ്ട്. ഫലം അടുത്തയാഴ്ച വന്നുതുടങ്ങും. അമേരിക്കയെ വീണ്ടും മഹത്തരമാക്കും – മറ്റൊരു ട്വീറ്റില്‍ ട്രംപ് പറഞ്ഞു. പ്രസിഡന്റ് ട്രംപുള്ളതുകൊണ്ടാണ് ഈ വര്‍ഷം അവസാനം വാക്സിന്‍ (കോവിഡ് വാക്സിന്‍) ലഭ്യമാകാന്‍ പോകുന്നതെന്ന് ടെക്സാസില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗം റോണി ജാക്സണ്‍ പറഞ്ഞതായും ട്രംപ് ട്വീറ്റ് ചെയ്തു.



