ന്യൂ ഡല്‍ഹി: 30 വര്‍ഷം മുന്‍പ് സംഭവിച്ച ഓപ്പറേഷന്‍ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. വിവരങ്ങള്‍ പുറത്തുവിടുന്നത് ഇപ്പോഴും രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയാകുമെന്നു ചൂണ്ടിക്കാട്ടിയ കമ്മിഷന്‍ വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഓപ്പറേഷന്‍ സമയത്ത് പിടിച്ചെടുത്ത വസ്തുക്കളുടെ നിലവിലെ സ്ഥിതിയും ഓപ്പറേഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മരിച്ച എല്ലാവരുടെയും പട്ടികയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ ഗുര്‍വീന്ദര്‍ സിംഗ് ചദ്ദ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ തീരുമാനം.
വിവരങ്ങള്‍ പുറത്തുവിടുന്നതു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കും. പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതയുണ്ട്. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ അസഹിഷ്ണുത നിലനില്‍ക്കുന്ന സമയമാണിത്. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടുന്നതു വിവേകപൂര്‍ണമായ നടപടിയാകില്ല വിവരാവകാശ കമ്മിഷണര്‍ ചൂണ്ടിക്കാട്ടി.രാജ്യസുരക്ഷയ്ക്കു ഭീഷണി സൃഷ്ടിച്ച വിഘടനവാദികളെ നേരിട്ട സംഭവത്തിലെ വിവരങ്ങള്‍ നല്‍കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ വിവരാവകാശ ഉദ്യോഗസ്ഥരും നിലപാടെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട വിഘടനവാദി പ്രസ്ഥാനത്തിന്റെ സ്വാധീനം ഇപ്പോഴും ഇന്ത്യയ്ക്കകത്തും പുറത്തും അവശേഷിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഓപ്പറേഷനില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ പേരുപയോഗിച്ച് വീണ്ടും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനുള്ള സാധ്യതയുമുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി.
2012ല്‍ ലഫ്. ജനറല്‍ കെ.എസ്. ബ്രാറിനു നേരെയുണ്ടായ അക്രമം കൂടി പരിഗണിച്ചാണു നടപടി. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ കഴിഞ്ഞ് 28 വര്‍ഷത്തിനു ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് 2012 ഒക്ടോബറില്‍ ലണ്ടന്‍ നഗരത്തിലുള്‍പ്പെടെ ആക്രമണമുണ്ടാകുന്നത്. ഇതേ സംഭവത്തിന്റെ പേരിലാണ് 1986ല്‍ ജനറല്‍ എ.എസ്. വൈദ്യ കൊല്ലപ്പെടുന്നതും. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങള്‍ക്കു ഉപയോഗിച്ചേക്കാമെന്നും കമ്മിഷന്‍ വിലയിരുത്തി. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന തീരുമാനം.1984 ജൂണ്‍ ഒന്നിനു തുടങ്ങിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ആറാം തീയതിയാണ് അവസാനിച്ചത്. ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണു സൈനിക നടപടിയില്‍ കലാശിച്ചത്. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു നടപടി. സൈനികരടക്കം അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണു സൈന്യം നല്‍കിയ ഔദ്യോഗിക കണക്ക്.



