പുഗലൂര്‍-മാടക്കത്തറ വൈദ്യുതി ഇടനാഴി ഈ മാസം പൂര്‍ത്തിയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഇറക്കുമതിയില്‍ വന്‍കുതിപ്പിന് വഴിതുറക്കുന്ന പുഗലൂര്‍-മടക്കത്തറ എച്ച്.വി.ഡി.സി വൈദ്യുതി ലൈന്‍ നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാകും. ലൈന്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്കെത്തിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് ഭാവിയിലെ വര്‍ദ്ധിക്കുന്ന വൈദ്യുതി ആവശ്യം നിര്‍വഹിക്കാനാകുന്നതോടൊപ്പം പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും പദ്ധതിയിലൂടെ സാധിക്കും. തമിഴ്നാട്ടിലെ പുഗലൂരില്‍ നിന്ന് തൃശൂര്‍ മാടക്കത്തറവരെ 165 കിലോമീറ്റര്‍ ലൈനാണ് സ്ഥാപിച്ചത്. 1474 കോടി രൂപയാണ് ചെലവ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്നാണ് വൈദ്യുതി എത്തിക്കുക.

അതിനൂതന സാങ്കേതിക വിദ്യയായ വോള്‍ട്ടേജ് സോഴ്സ് കണ്‍വര്‍ട്ടര്‍ അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യപ്രസരണ ശൃംഖലയാണ് പുഗലൂര്‍-മാടക്കത്തറ എച്ച്.വി.ഡി.സി സംവിധാനം. പ്രസരണ നഷ്ടം പരമാവധി കുറയ്ക്കാന്‍ ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്റ് സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. പദ്ധതിയില്‍ 138 കിലോമീറ്റര്‍ ഓവര്‍ഹെഡ് ലൈനും വടക്കാഞ്ചേരി മുതല്‍ മാടക്കത്തറവരെ 27 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുമാണുള്ളത്. സ്ഥലം ഉടമകളുടെ എതിര്‍പ്പില്‍ ലൈന്‍ നിര്‍മ്മാണം തടസപ്പെടുന്നത് ഒഴിവാക്കാന്‍ ഭൂമിക്ക് സ്പെഷ്യല്‍ പാക്കേജിലൂടെ നഷ്ടപരിഹാരം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കിയത്. 2018 മെയ് മാസത്തില്‍ ആരംഭിച്ച പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെ.എസ്.ഇ.ബി പ്രത്യേക കര്‍മ്മസേനയെ നിയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടായ ഗതാഗത നിയന്ത്രണ സാഹചര്യം പ്രയോജനപ്പെടുത്തി കുതിരാന്‍ തുരങ്കത്തിലുള്‍പ്പെടെ ദേശീയ പാതയുടെ പാര്‍ശ്വങ്ങളില്‍ കേബിളുകള്‍ സ്ഥാപിക്കാനായത് നേട്ടമായി. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ്  റായ്ഗഡിൽ നിന്നും പുഗലൂർ വരെയുള്ള 800 കെ.വി ഡി.സി ലൈനിന്റെ തുടർച്ചയായി 320 കെ.വി എച്ച്.വി.ഡി.സി ലൈൻ അനുവദിച്ചത്.

ലൈന്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ട  പ്രവൃത്തികളാണ് നടക്കുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കൊപ്പം വ്യവസായ സ്ഥാപനങ്ങള്‍ക്കാവശ്യമായ വൈദ്യുതിയും പദ്ധതിയിലൂടെ ലഭ്യമാക്കും. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആരംഭിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് തടസ്സമില്ലാതെയുള്ള വൈദ്യുതി വിതരണത്തിനും പുഗലൂര്‍-മാടക്കത്തറ ലൈന്‍ സഹായകമാകും

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8904/Pugaloor-Madakkathara-electric-line-.html

Share
അഭിപ്രായം എഴുതാം