തിരുവനന്തപുരം: സ്വർണക്കടത്തിലെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനിലേക്ക് എത്തിയതിനു തൊട്ടു പിന്നാലെ മറ്റ് നാല് പദ്ധതികൾ കൂടി സംശയത്തിന്റെ നിഴലിലായി. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷുമായുളള ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ മുൻകൈ എടുത്ത കെഫോൺ , ഇ മൊബിലിറ്റി, ഡൗൺടൗൺ, സ്മാർട് സിറ്റി എന്നീ പദ്ധതികളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചു കഴിഞ്ഞു. പദ്ധതികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകി.
സർക്കാരിന്റെ സ്വപ്ന പദ്ധതികളായ ഇവയുടെ മറവിൽ അഴിമതിയും റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടന്നതായാണ് ഇ ഡി സംശയിക്കുന്നത്. പദ്ധതികളുടെ ധാരണാപത്രം, പങ്കാളികൾ, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്.
എം ശിവശങ്കറിന്റെ സ്വത്തുക്കള്‍, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിവരികയാണ്. ഇതിനു പിന്നാലെയാണ് നാല് സുപ്രധാന സർക്കാർ പദ്ധതികളിലേക്കും അന്വേഷണം നീളുന്നത്. ശിവശങ്കറുമായി ബന്ധമുള്ള മറ്റു ചില ഉദ്യോഗസ്ഥർ ഈ പദ്ധതികളുടെ മറവിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതായുള്ള സൂചനയും ഇ ഡി ക്കു ലഭിച്ചിട്ടുണ്ട്.
ലൈഫ് മിഷനെ പോലെ ഭരണനേട്ടമായി സംസ്ഥാന സർക്കാർ ഉയർത്തിക്കാട്ടിയവയാണ് ഇപ്പോൾ സംശയത്തിന്റെ നിഴൽ വീണ മറ്റ് നാല് പദ്ധതികളും.
സംസ്ഥാനത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് വഴി സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിയാണ് കെ-ഫോൺ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് . 2019 നവംബറിലാണ് കിഫ്ബി വഴി പദ്ധതിയ്ക്കായി 1,548 കോടി രൂപ സർക്കാർ പാസാക്കിയത്. 2020 ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് കെ ഫോൺ.
കെ ഫോൺ പദ്ധതിയുടെ കൺസൾട്ടൻസിയായി ‘പ്രൈസ് വാട്ടർ കൂപ്പേഴ്സി (പി ഡബ്ല്യു സി) നെ തിരഞ്ഞെടുത്തത് ചട്ടങ്ങൾ മറികടന്നാണ് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു. എന്നാൽ കെ ഫോൺ പദ്ധതിയുടെ കൺസൾട്ടൻസിക്കായി ടെൻഡർ വിളിച്ചതും മാനദണ്ഡങ്ങൾ നിശ്ചയിച്ചതും 2015 ൽ യു ഡി എഫ് സർക്കാരിന്റെ കാലത്താണ് എന്നായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്ര സർക്കാർ തീരുമാനത്തി ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത പദ്ധതിയായിരുന്നു ഇ-മൊബിലിറ്റി പദ്ധതി. ഇതിന്റെ കൺസൾട്ടൻസിയായും കെ ഫോണിലെ വിവാദ ഏജൻസിയായ പി ഡബ്ല്യു സി തന്നെ വരികയും പ്രതിപക്ഷ ആരോപണത്തെ തുടർന്ന് അവരെ മാറ്റുകയും ചെയ്തു. 2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കുക എന്നതായിരുന്നു പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായി സ്വിസ് കമ്പനിയായ ‘ഹെസ്സു’ മായി ചേർന്ന് വ്യവസായ വകുപ്പിനു കീഴിലെ കേരള ഓട്ടോമൊബൈലിൽ വൈദ്യുതി വാഹനങ്ങൾ നിർമിക്കാനും 3000 ഇലക്ട്രിക് ബസ്സുകൾ കെ എസ് ആർ ടി സിക്കു നൽകാനുമായിരുന്നു ധാരണ. എന്നാൽ സാമ്പത്തികമായി നഷ്ടമായിരിക്കും എന്ന കാരണം പറഞ്ഞ് കെ എസ് ആർ ടി സി പിൻവലിഞ്ഞതോടെ പദ്ധതി പ്രതിസന്ധിയിലായി. ഇതിനു ശേഷമാണ് സാധ്യതാ പഠനത്തിനായി പി ഡബ്ല്യു സി വരുന്നത്.
കൊച്ചിയിലെ സ്മാർട് സിറ്റിക്കു ശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും വലിയ ഐ ടി അടിസ്ഥാന സൗകര്യ വിദേശ നിക്ഷേപമാണ് ഡൗൺ ടൗൺ. 1500 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 20 ഏക്കറിലെ പദ്ധതിയിൽ 50 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണം വിഭാവനം ചെയ്യപ്പെട്ടത്. ശിവശങ്കരൻ ഇടപെട്ട നാലാമത്തെ പദ്ധതി സ്മാർട് സിറ്റിയാണ്. തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റിയുടെ മൂന്നാം ഘട്ടത്തോടനുബന്ധിച്ച് നടക്കുന്ന വിവിധങ്ങളായ പദ്ധതികളാണിവ.
തിരഞ്ഞെടുപ്പടുക്കുമ്പോൾ വികസന നേട്ടങ്ങളായി എണ്ണിപ്പറയാൻ സർക്കാരും എൽ ഡി എഫും കരുതിവച്ച പദ്ധതികൾ അഴിമതി ആരോപണങ്ങളുടെ കരിനിഴലിൽ ആകുന്നത് ഭരണപക്ഷത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്.

