റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അലാവുദ്ധീൻ്റെ അത്ഭുത വിളക്ക് തരാമെന്നു പറഞ്ഞ് ഡോക്ടറെ പറ്റിച്ച രണ്ടു പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ, തട്ടിയത് 2.5 കോടി രൂപ

October 30, 2020 - 1:17 pm

ലക്നൗ: ഉത്തർപ്രദേശിലെ ഒരു തട്ടിപ്പു സംഘം ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ ഒരു ഡോക്റ്ററെ അതി വിദഗ്ധമായി പറ്റിച്ചു. ഒടുവിൽ പൊലീസിൻ്റെ പിടിയിലായെങ്കിലും ഡോക്ടറിൽ നിന്നും 2.5 കോടി രൂപ അടിച്ചെടുക്കുന്നതിൽ തട്ടിപ്പുകാർ വിജയിച്ചു. സംഘം ഡോക്ടർക്കു നൽകാമെന്ന് വാഗ്ദാനം നൽകിയത് അറബിക്കഥകളിലൂടെ ഏവരും കേട്ട ഒരു വസ്തുവാണ്. ‘അലാവുദ്ധീൻ്റെ അത്ഭുതവിളക്ക് ‘.

ഉത്തർപ്രദേശിലെ മീററ്റിലെ ബ്രഹ്മപുരി പോലീസ് സ്റ്റേഷന് കീഴിലുള്ള ഖൈർനഗർ പ്രദേശത്താണ് സംഭവം നടന്നത്.
പറ്റിയ്ക്കപ്പെട്ട ഡോ. ലെയ്ക്ക് ഖാൻ പൊലീസിൽ പരാതി നൽകിയപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ് പുറം ലോകമറിയുന്നത്.

2018 ലാണ് സംഭവങ്ങളുടെ തുടക്കം. ലണ്ടനിൽ നിന്നെത്തി മീററ്റിൽ ക്ലിനിക്ക് തുടങ്ങിയ ഡോക്റ്ററെ കാണാൻ അസുഖബാധിതയായ സമീന എന്നു പേരുള്ള യുവതിയെത്തി. ഇവർക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഡ്രസ്സിംഗിനായി പതിവായി ഡോക്റ്റർ സമീനയെ സന്ദർശിക്കാൻ തുടങ്ങി. സമീനയിലൂടെ ഡോക്ടർ സിദ്ധനെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളെ കണ്ടുമുട്ടി. തനിക്ക് മാന്ത്രികശക്തി ഉണ്ടെന്ന് അവകാശപ്പെട്ട ഇയാൾ ഡോക്ടർക്ക് ‘അലാവുദ്ധീൻ്റെ അത്ഭുത വിളക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തു’. ഈ വിളക്ക് കയ്യിൽ വന്നാൽ ആർക്കും കോടീശ്വരനാകാമെന്നും ‘സിദ്ധൻ ‘ ഡോക്ടറോട് പറഞ്ഞു. വിശ്വാസം വരാനായി ഡോക്ടർക്ക് അദ്ഭുത വിളക്ക് കാണിച്ചു കൊടുക്കുക മാത്രമല്ല അത്ഭുത വിളക്കിൽ നിന്ന് പുറത്തു വന്ന ഒരു ‘ജിന്നി’നെയും പരിചയപ്പെടുത്തിക്കൊടുത്തു.

വിളക്ക് കാണിച്ചു കൊടുത്തതല്ലാതെ അതിൽ ഒന്നു തൊട്ടു നോക്കാൻ പോലും ‘സിദ്ധൻ ‘ ഡോക്ടറെ അനുവദിച്ചതുമില്ല. സ്വന്തമാകും മുൻപ് തൊട്ടാൽ വലിയ അപായങ്ങളുണ്ടാകുമെന്നും ഡോക്ടറെ സിദ്ധൻ വിശ്വസിപ്പിച്ചു.
വിളക്കിൻ്റെ വിലയായി പലതവണയായിട്ട് ആകെ രണ്ടരക്കോടി രൂപ ഡോക്ടററിൽ നിന്നും സിദ്ധനും അയാൾടെ ഒരു സുഹൃത്തും ചേർന്ന് വാങ്ങി.

ഏറെ വൈകിയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഡോക്ടർ തിരിച്ചറിഞ്ഞത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ധനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. മീററ്റ് സ്വദേശികളായ ഇസ്ലാമുദ്ദീനെയും സുഹൃത്ത് അനീസിനെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് ‘അത്ഭുതവിളക്കും’ പിടിച്ചെടുത്തിട്ടുണ്ട് .
ജിന്നിൻ്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടയാൾ സമീനയുടെ ഭർത്താവാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *