തൃശൂര്‍: സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെപിഎസി ലളിത, സെക്രട്ടറി എന്‍.രാധാകൃഷ്‌ണന്‍ നായര്‍, എന്നിവരെ പുറത്താക്കണമെന്നും അക്കാദമിയിലെ ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക് (നെറ്റ് വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക്ക് തീയേറ്റര്‍ ആക്ടിവിസ്റ്റ് കേരള) അക്കാഡമിക്കു മുന്നില്‍ നടത്തുന്ന സമരം 23-ാം ദിവസത്തിലേക്ക് കടന്നു.
ആര്‍എല്‍വി രാമകൃഷ്‌ണന് മോഹിനിയാട്ടം വേദി നല്‍കാത്തത് വിവാദമായ പാശ്ചാത്തലത്തിലാണ് നാടക് സമരം ആരംഭിച്ചത്. കല വളര്‍ത്താനും പരിപോഷിപ്പിക്കാനും ചുമതലയുളള അക്കാദമി കലാകാരന്‍മാരെ അപമാനിക്കുന്നത് നിത്യ സംഭവമാണെന്ന് നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.ഷൈലജ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
അക്കാദമിയെ കലാവിരുദ്ധ ഇടമാക്കിയ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവരെ പുറത്താക്കണം, ചെയര്‍ പേ ഴ്സന്‍റെ പേരില്‍ അക്കാദമി വെബ്‌സൈറ്റില്‍ ആര്‍എല്‍വി രാമകൃഷ്‌ണനുമായി ബന്ധപ്പെട്ട് വന്ന പ്രസ്‌താ വനയെക്കുറിച്ച അന്വേഷിക്കുക, ചെയര്‍ പേഴ്‌സന്‍റെ അറിവില്ലാതെ പ്രസ്‌താവന തയ്യാറാക്കിയ ഉദ്യോഗസ്ഥനും അതിന് പ്രേരിപ്പിച്ച സെക്രട്ടറിക്കുമെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു..
22 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ജില്ലാ പ്രസിഡന്‍റ് കെ ബി ഹരി, ജില്ലാസെക്രട്ടറി രാജേഷ് നാവത്ത്, നാടക സംവിധായകന്‍ കെവി ഗണേഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. .



