ന്യൂഡൽഹി: 2021 ഏപ്രിൽ മാസത്തോടെ 16 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമ സേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രൻ്റെ ഭാഗമാകും. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ ഏഴു വിമാനവുമാണെത്തുക.
ജൂലൈ 29ന് ആദ്യ ഘട്ടമായി അഞ്ചു വിമാനങ്ങളെത്തിയിരുന്നു. ഇതോടെ, ഏപ്രിലാകുമ്പോൾ 21 ഒറ്റ സീറ്റ് വിമാനങ്ങളും ഏഴ് ഇരട്ടസീറ്റ് വിമാനങ്ങളും ഇന്ത്യയുടെ പക്കലുണ്ടാകും. ഇതിൽ 18 എണ്ണം അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലും ശേഷിക്കുന്നവ പശ്ചിമ ബംഗാളിലെ ഹഷിമാര വ്യോമതാവളത്തിലും വിന്യസിക്കും.
നവംബർ അഞ്ചിനാണ് മൂന്ന് വിമാനങ്ങൾ ഫ്രാൻസിലെ ബോർഡിയക്സ്- മെറിഗ്നാക്കിൽ നിന്ന് അംബാലയിലേക്കെത്തുന്നത്. ആദ്യം വന്ന അഞ്ചു വിമാനങ്ങളും യുഎഇയിലെ ഫ്രഞ്ച് വ്യോമതാവളത്തിൽ ഇറങ്ങിയശേഷമാണ് വന്നതെങ്കിൽ ഇനിയുള്ളവ ആകാശത്ത് ഇന്ധനം നിറച്ച് നേരിട്ട് ഇന്ത്യയിലാകും ഇറങ്ങുക.
മുഴുവൻ വിമാനങ്ങളിലും മൈക, മീറ്റിയോർ എന്നീ വ്യോമ- വ്യോമ മിസൈലുകളും സ്കാൽപ്പ് വ്യോമ- ഭൂതല മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്. 250 കിലോഗ്രാം ഭാരമുള്ള ബോംബ് ഘടിപ്പിക്കാവുന്ന ഹമ്മർ മിസൈലുകൾ കൂടി റഫാലിൽ ഘടിപ്പിക്കാൻ ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ഇതും വൈകാതെ യാഥാർഥ്യമാകും.



