പാലക്കാട്: വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ രംഗത്ത്. കേസില്‍ പ്രോസിക്യൂട്ടര്‍മാരെ പഴിചാരാതെ ആരാണ് വീഴ്ച വരുത്തിയതെന്ന് വ്യക്തമായി പറയണമെന്നും ജലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ജലജ മാധവൻ്റെ പ്രതികരണം.
മൂന്ന് മാസം മാത്രമാണ് താന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നതെന്നും ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ പറഞ്ഞു.
വാളയാര്‍ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതില്‍ അന്വേഷണം വന്നപ്പോള്‍ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് തന്നെ മാറ്റിയതെന്നും അവര്‍ പറഞ്ഞു.
വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാര്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് ജലജ മാധവന്‍ രംഗത്തെത്തിയത്. കേസ് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും താനായിരുന്നില്ല പ്രോസിക്യൂട്ടറെന്നും ജലജ മാധവന്‍ ഫേസ്ബുക്കിലെഴുതി.
‘എല്‍.ഡി.എഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യു.ഡി.എഫ് കാലത്തുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും, സ്റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ച് മാസത്തില്‍ ഈ 6 പ്രോസിക്യൂട്ടര്‍മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടര്‍മാര്‍ വരികയും ചെയ്തു. അങ്ങനെയാണ് എന്റെയും നിയമനം. എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും ആഭ്യന്തര വകുപ്പില്‍ നിന്നും വന്ന, കാരണം ഒന്നും പറയാതെയുള്ള ഒരു എക്‌സ്ട്രാ ഓര്‍ഡിനറി ഉത്തരവ് പ്രകാരം എന്നെ മാറ്റി വീണ്ടും യു.ഡി.എഫ് കാലത്തെ, എല്‍.ഡി.എഫ് സര്‍ക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറെ നിയമിച്ചു,’ ജലജ മാധവന്‍ പറഞ്ഞു. എന്തിനാണ് തന്നെ മാറ്റിയതെന്ന് ഒരു ഉത്തരവിലും വ്യക്തമാക്കിയിട്ടില്ലെന്നും ജലജ പറഞ്ഞു.
പൊലീസുദ്യോഗസ്ഥരായ സോജനും ചാക്കോയും കാര്യക്ഷമതയോടെ അന്വേഷണം നടത്തിയെന്നാണോ മുഖ്യമന്ത്രിയുടെ കണ്ടെത്തല്‍ എന്നും അവര്‍ ചോദിച്ചു.
പ്രോസിക്യൂട്ടര്‍മാരുടെ മേല്‍ പഴിചാരാതെ കേസില്‍ വീഴ്ചയുണ്ടായത് ആരുടെ ഭാഗത്ത് നിന്നാണെന്ന് വ്യക്തമായി പറയണമെന്നും ജലജ ആവശ്യപ്പെട്ടു. കമ്മീഷന്‍ തെളിവെടുപ്പിനെക്കുറിച്ചും തനിക്ക് സംസാരിക്കാനുണ്ടെന്നും പിന്നീട് പറയുമെന്നും ജലജ പറഞ്ഞു.
കേസിന്റെ വിചാരണ വേളയില്‍ ഉണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ വിരമിച്ച ജില്ലാ ജഡ്ജി പി. കെ ഹനീഫയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ലഭിച്ച റിപ്പോര്‍ട്ട് നടപടി കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയും തുടര്‍ന്ന് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിനിര്‍ത്തിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കേസില്‍ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വീടിന് മുന്നില്‍ സത്യഗ്രഹം തുടരുകയാണ്.



