ലക്‌നൗ: ഭര്‍ത്താവിന് ഭാര്യ മാസം തോറും ജീവനാംശം നല്‍കാന്‍ ഭാര്യയ്ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് കോടതി. പ്രതിമാസം 1000 രൂപ വീതം ഭര്‍ത്താവിനു നല്‍കണമെന്നാണ് മുസഫര്‍നഗറിലെ കുടുംബ കോടതി വിധിച്ചത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ പെന്‍ഷന്‍ തുകയില്‍ നിന്നാണ് ഭര്‍ത്താവിനുള്ള ജീവനാംശം നല്‍ക്കേണ്ടത്.
വര്‍ഷങ്ങളായി ദമ്പതികള്‍ വേര്‍പെട്ട് താമസിക്കുകയാണ്. 2013ല്‍, 1955ലെ ഹിന്ദു വിവാഹ നിയമം പ്രകാരം ഭര്‍ത്താവ് ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിക്കാണ് 7 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്. മാസം 12000 രൂപ പെന്‍ഷന്‍ പറ്റുന്ന മുന്‍ സര്‍ക്കാര്‍ ജോലിക്കാരിയാണ് എന്നതുകൊണ്ട് തന്നെ ഭാര്യ ഭര്‍ത്താവിന് മാസം 1000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.



