ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി ലൗ ജിഹാദിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന ദേശീയ വനിതാ കമ്മീഷന് രേഖ ശര്‍മ്മയുടെ ട്വീറ്റ് കുറിപ്പ് വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി നല്കി രേഖ ശര്‍മ്മ.ചൊവ്വാഴ്ച വൈകിട്ടാണ് ദേശീയ വനിതാ കമ്മീഷന്റെ ട്വിറ്റര്‍ പേജിലൂടെ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ്മ മഹാരാഷ്ട്ര ഗവര്‍ണറെ കണ്ട കാര്യം അറിയിച്ചത്. മഹാരാഷ്ട്രയില്‍ വര്‍ധിച്ചുവരുന്ന ലവ് ജിഹാദ് ഉള്‍പ്പെടെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നായിരുന്നു ട്വീറ്റ്. പരസ്പര ബോധ്യത്തോടെ ഇതര മതസ്ഥര്‍ തമ്മിലുള്ള വിവാഹവും ലൗ ജിഹാദും തമ്മില്‍ വ്യത്യാസമുണ്ടെന്നും അധ്യക്ഷ ഗവര്‍ണറെ അറിയിച്ചെന്നായിരുന്നു ഇതിന്റെ ഉള്ളടക്കം.
ഇതോടെ എന്താണ് ലൗ ജിഹാദെന്ന് ചെയര്മാന് വിശദമാക്കണമെന്നതുള്പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ നിറഞ്ഞു. ബോധപൂര്‍വം സമൂഹത്തില്‍ വിദ്വേഷം വിതയ്ക്കുകയാണ് ചെയര്‍പേഴ്സണ്‍ ചെയ്യുന്നതെന്ന് വിമര്‍ശനമുണ്ടായ പശ്ചാത്തലത്തിലാണ് എന്താണ് സംഭവിച്ചതെന്ന് അധ്യക്ഷ വ്യക്തമാക്കിയത്.തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ആരോപിച്ച അവര്‍ സെറ്റിങ്സില്‍ മാറ്റം വരുത്തി. ഇപ്പോള്‍ രേഖ ശര്‍മ്മ അനുമതി നല്‍കുന്നവര്‍ക്ക് മാത്രമെ അവരുടെ ട്വീറ്റുകള്‍ കാണാന്‍ കഴിയു. സംശയാസ്പദമായ പ്രവര്‍ത്തനങ്ങളാണ് തന്റെ അക്കൗണ്ടില്‍ നടക്കുന്നതെന്നാണ് അവര്‍ പറയുന്നത്.



