ന്യൂയോര്‍ക്ക്: ഗൂഗിള്‍ പുതിയതായി അവതരിപ്പിച്ച സൗണ്ട് നോട്ടിഫിക്കേഷന്‍ ഫീച്ചര്‍ സ്വകാര്യത ലംഘനമാണെന്ന് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്. സൗണ്ട് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്ത് വച്ചാല്‍ ഉപയോക്താവിന് ചുറ്റുമുണ്ടാവുന്ന പത്തിലധികം ശബ്ദങ്ങള്‍ ഗൂഗിള്‍ തിരിച്ചറിയുമെന്നും ഉപയോക്താവിന് അവയെ കുറിച്ച് മു്ന്നറിയിപ്പ് നല്‍കുമെന്നുമാണ് ഗൂഗിളിന്റെ വാദം. എന്നാല്‍ ഉപയോക്താവിന്റെ ചുറ്റുമുള്ള ശബ്ദങ്ങള്‍ കമ്പനി പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നതാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ ഗവേഷണത്തിനടക്കം പല കാര്യങ്ങള്‍ക്കും വിവിധ തരം ഡേറ്റ ആവശ്യമുണ്ട്. അത്തരം കാര്യങ്ങള്‍ക്ക് വരെ ഇവ ഉപയോഗപ്പെടുത്തുന്നത് മനസില്‍ വച്ച ശേഷം മാത്രം ഫീച്ചര്‍ ഉപയോഗിക്കാനാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.
സൗണ്ട് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്തു വച്ചാല്‍ ഫോണ്‍ സദാ ചുറ്റുമുള്ള ശബ്ദങ്ങള്‍ പിടിച്ചെടുക്കും. ഹെഡ്ഫോണ്‍ ഉപയോഗിക്കുന്ന സമയമാണ് ആരെങ്കിലു വന്ന് വാതിലില്‍ മുട്ടിയാല്‍ സൗണ്ട് നോട്ടിഫിക്കേഷന്‍ തിരിച്ചറിഞ്ഞ് ഉപഭോക്താവിനെ അറിയിക്കുമത്രേ. പട്ടിയുടെ കുരയും മറ്റും ഇതുപോലെ ട്രാക്കു ചെയ്യാന്‍ പുതിയ ഫീച്ചറിനു സാധിക്കും. പുക, ഫയര്‍ അലാമുകള്‍, ഒച്ചയെടുക്കലുകള്‍, കുട്ടിയുടെ കരച്ചില്‍, ഡോര്‍ബെല്ലടിക്കാല്‍, വാതിലില്‍ മുട്ടല്‍, പട്ടിയുടെ കുര, ചില ഉപകരണങ്ങള്‍ ബീപ്പു ചെയ്യുന്നത്, വെള്ളം വീഴുന്ന ശബ്ദം, ലാന്‍ഡ്ലൈന്‍ ഫോണ്‍ ശബ്ദിക്കുന്നത് എന്നീ മുന്നറിയിപ്പുകളാണ് ഈ ഫീച്ചര്‍ ഉപയോക്താവിന് നല്‍കുക. ഫോണിന്റെ സെറ്റിങ്സ് ആപ്പ് എടുക്കുക. തുടര്‍ന്ന് അക്സസിബിലിറ്റിയില്‍ സ്പര്‍ശിക്കുക. തുടര്‍ന്ന് സൗണ്ട് നോട്ടിഫിക്കേഷനില്‍ ടാപ്പു ചെയ്യുക. സൗണ്ട് നോട്ടിഫിക്കേഷന്‍സ് തുറന്ന ശേഷം, ഗൂഗിളിന് വേണ്ട അനുമതി നല്‍കിയാല്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും.



