റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം സന്‍സദ് ആദര്‍ശ ഗ്രാമങ്ങളില്‍ ബാങ്കിങ് സേവനം ഇനി വീട്ടുമുറ്റത്ത്

October 6, 2020 - 3:44 pm

മലപ്പുറം: സന്‍സദ് ആദര്‍ശ ഗ്രാം യോജന പ്രകാരം പൊന്നാനി ലോകസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുത്ത നന്നമ്പ്ര, കല്‍പകഞ്ചേരി, വെളിയങ്കോട്, മാറാക്കര ഗ്രാമപഞ്ചായത്തുകളില്‍ പോസ്റ്റോഫീസുകള്‍ വഴി ബാങ്കിങ് സേവനങ്ങള്‍ ഇനി വീട്ടുപടിക്കലെത്തും. ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റര്‍ ജനറലുമായും സാഗി പഞ്ചായത്ത് പ്രസിഡന്റുമാരുമായും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നന്നമ്പ്ര ഗ്രാമപഞ്ചായത്തില്‍ തെയ്യാലിങ്ങലും കല്‍പകഞ്ചേരിയില്‍ രണ്ടത്താണിയിലും മാറാക്കരയില്‍ കാടാമ്പുഴയിലും വെളിയങ്കോട് എന്നീ സബ് പോസ്റ്റോഫീസുകളില്‍ കോമണ്‍സര്‍വീസ് സെന്ററുകള്‍ സ്ഥാപിച്ച് എല്ലാവിധ ബാങ്കിങ് സേവനങ്ങളും, പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കല്‍, ആധാര്‍ അപേക്ഷ തുടങ്ങി എഴുപത്തി ഏഴ് സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകും. ദേശസാല്‍കൃത ബാങ്കുകളില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റ്മാന്‍ വഴി ഇ പോസ് മെഷീന്‍ ഉപയോഗിച്ച് ഒരു സമയം 10,000 രൂപ വരെ പിന്‍വലിക്കാനാവും. ഗുണഭോക്താക്കളുടെ ആവശ്യാനുസരണം ഇത് സര്‍വീസ് ചാര്‍ജൊന്നുമില്ലാതെ വീട്ടുപടിക്കല്‍ ലഭ്യമാകും. ആദര്‍ശ് പഞ്ചായത്തുകള്‍ക്കു പുറമേ പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസിലും കുറ്റിപ്പുറം പോസ്റ്റ് ഓഫീസിലും ഇതിനകം സേവനം ലഭിക്കും. തിരൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ്, എടപ്പാള്‍, കോട്ടക്കല്‍, തിരൂരങ്ങാടി താനൂര്‍, വളാഞ്ചേരി പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ഉടന്‍ ലഭ്യമാവും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാര്‍ഡ്തല ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഈ സൗകര്യം പൊതുജനങ്ങളിലെത്തിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മുസ്തഫ പനയത്തില്‍, വി. മധുസൂധനന്‍, കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ കുഞ്ഞാപ്പു നെടുവാഞ്ചേരി, വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി ചെയര്‍മാന്‍ കെ. റിയാസ്, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫിസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ശരീഫ്, തിരൂര്‍ ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് ഗീത, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ചാര്‍ജ് ഓഫീസര്‍മാര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8368/Adarsha-Gramam.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *