ലക്‌നൗ: ഹത്രാസ് ബലാത്സംഗവും കൊലപാതകവും ഉണ്ടാക്കിയ കോളിളക്കങ്ങൾ കെട്ടടങ്ങുന്നതിനിടെ ഉത്തർപ്രദേശിലെ ദേഹാതിലയിൽ നിന്ന് കാണാതായ മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ വയലില്‍ നിന്ന് വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേഹാതില ഗ്രാമത്തില്‍ നിന്ന് സെപ്റ്റംബര്‍ 26 ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ശനിയാഴ്ച (03/10/2020) വൈകിട്ട് കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ കൂടിയാണ്. അതേസമയം കുട്ടിയ്ക്ക് നേരേ ബലാത്സംഗശ്രമമുണ്ടായിട്ടുണ്ടെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
വികൃതമാക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകുവെന്ന് പൊലീസ് അറിയിച്ചു.
‘പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് രണ്ടുപേരേ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഭൂമിതര്‍ക്കത്തിന്റെ തന്റെ മകളെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പിതാവ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്’- ദേഹാത് എസ്.പി കെ.കെ ചൗധരി പറഞ്ഞു.
യു.പിയിലെ ഹാത്രാസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും മറ്റൊരു പെണ്‍കുട്ടിയ്ക്ക് നേരേ ആക്രമണമുണ്ടായിരിക്കുന്നത്.



