ഷാര്‍ജ: തങ്ങൾ മികച്ച ടീമാണെന്ന് വീണ്ടും തെളിയിച്ച് ഡൽഹി ക്യാപിറ്റൽസ്. ശനിയാഴ്ച (03/10/2020) നടന്ന മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 18 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 229 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പക്ഷേ തോൽവിയുടെ കൈപ്പറിഞ്ഞു. കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും ചേർന്നാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് ഉയര്‍ത്തിയത്. 22 പന്തില്‍ നിന്നും 28 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ മിശ്ര പുറത്താക്കിയതോടെ കളി ഡല്‍ഹിക്ക് അനുകൂലമായി. പിന്നാലെയെത്തിയ റസ്സല്‍ സ്കോര്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും റബാദ പുറത്താക്കി. ഒരറ്റത്ത് നിതീഷ് റാണ പിടിച്ചു നിന്നു. 35 പന്തില്‍ നിന്നും 58 റണ്‍സെടുത്ത റാണയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെയും ഹര്‍ഷല്‍ മടക്കി. പ്രതിരോധത്തിലായ കൊല്‍ക്കത്തയ്ക്ക് വിജയ പ്രതീക്ഷ നല്‍കുന്നതായിരുന്നു ഒയിന്‍ മോര്‍ഗന്റെയും രാഹുല്‍ ത്രിപാഠിയുടെയും പ്രകടനം.എന്നാല്‍ അവസാനഓവറുകളില്‍ ഇരുവരുടെയും വിക്കറ്റുകള്‍ വീണു.
മോര്‍ഗന്‍ -ത്രിപാഠി എഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 78 റണ്‍സ് നേടി. 18 ബോളില്‍ നിന്നും 44 റണ്‍സ് നേടി മോര്‍ഗനും 16 പന്തുകളില്‍ നിന്നും 36 റണ്‍സ് നേടി ത്രിപാഠിയും പുറത്തായി. റബാദയുടെ ഓവറില്‍ മോര്‍ഗന്‍ ഹാട്രിക്ക് സിക്‌സ് നേടി.
ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ഹെ മൂന്നു വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റും റബാദ, സ്‌റ്റോയിനിസ്, മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. നായകന്‍ ടെ മികവിലാണ് ഡല്‍ഹി ഉയര്‍ന്ന സ്കോര്‍ നേടിയത്. 38 ബോളില്‍ 88 റണ്‍സ് നേടി ശ്രേയാസ് പുറത്താകാതെ നിന്നു. ഐപിഎല്‍ 13ാം സീസണിലെ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് ശ്രേയാസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
41 പന്തുകളില്‍ നിന്നും 66 റണ്‍സ് നേടിയ പൃഥ്വി ഷായും 17 പന്തില്‍ 38 റണ്‍സെടുത്ത ഋഷഭ് പന്തും ശ്രേയാസിന് മികച്ച പിന്തുണ നല്‍കി ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു.
ഓപ്പണര്‍മാരായ പൃഥി ഷായും ധവാനും ചേര്‍ന്ന് മികച്ച തുടക്കം ഡല്‍ഹിക്ക് നല്‍കി. സ്കോര്‍ 56ല്‍ നില്‍ക്കെയാണ് ഡല്‍ഹിക്ക് ശിഖര്‍ ധവന്റെ വിക്കറ്റ് നഷ്ടമായത്. ധവാന്‍ 26 റണ്‍സാണ് നേടിയത്. തുടര്‍ന്നെത്തിയ ശ്രേയാസ് അയ്യരും പൃഥ്വി ഷായും ഡല്‍ഹിയുടെ സ്കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഷാ പുറത്തായതോടെ എത്തിയ പന്തും അയ്യരും ചേര്‍ന്ന് ആക്രമിച്ച് കളിച്ചതോടെ ഡല്‍ഹി സ്കോര്‍ 200 കടന്നു. പന്തിനെ റസല്‍ പുറത്താക്കി. പിന്നാലെയെത്തിയ മാര്‍ക്കസ് സ്റ്റോയ്നിസ് (1) വന്നപാടെ മടങ്ങി. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്മെയര്‍ ഒരു സിക്സ് ഉള്‍പ്പെടെ 7 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍ രണ്ടുവിക്കറ്റുകള്‍ നേടി. വരുണ്‍ ചക്രവര്‍ത്തി, കംലേഷ് നാഗര്‍കോട്ടി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.



