റിപ്പോര്‍ട്ട്
നിശാന്ത് പരിയാരം

28 വർഷങ്ങൾക്കു ശേഷം ഒടുവിൽ വിധി. ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഗൂഢാലോചനാ കേസിൽ മുഴുവൻ പ്രതികളെയും വെറുതേ വിട്ടു, തകർത്തത് ആസൂത്രിതമല്ലെന്ന് കോടതി

September 30, 2020 - 12:57 pm

ലക്നൗ: പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങുന്ന കേസിലാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി ബുധനാഴ്ച (30/09/2020) വിധി പറഞ്ഞിരിക്കുന്നത്.

ബാബറീ മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. ലക്നൗ സി ബി ഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഗൂഢാലോചന തെളിയിക്കാൻ സി ബി ഐ ക്ക് കഴിഞ്ഞില്ല എന്നും തകർത്തത് ആസൂത്രിതമല്ല എന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു. മസ്ജിദ് തകർക്കുന്നത് തടയാൻ നേതാക്കൾ ശ്രമിച്ചിരുന്നു എന്നും ഫോട്ടോകൾ തെളിവായി സ്വീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്. 2000 പേജുള്ളതായിരുന്നു വിധി പ്രസ്താവം. ഇതോടെ മുതിർന്ന ബി ജെ പി നേതാക്കളായ എൽ കെ അധ്വാനി ,മുരളീ മനോഹർ ജോഷി ,ഉമാഭാരതി തുടങ്ങി 32 പേരും കുറ്റവിമുക്തരായി. ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയ മുഴുവൻ കാര്യങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ടാണ് സി ബി ഐ കോടതിയുടെ വിധി പുറത്തു വന്നിരിക്കുന്നത്.

മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് ഇപ്പോഴുണ്ടായ കോടതി വിധി. സ്പെഷ്യല്‍ സിബിഐ ജഡ്ജ് എസ് കെ യാദവാണ് സുപ്രധാന കേസില്‍ വിധി പ്രസ്താവം നടത്തിയത്.

എന്താണ് കേസ് :

1528 ൽ മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ ജനറൽ മിർ ബാകി നിർമിച്ച അയോധ്യയിലെ ബാബറീ മസ്ജിദ് 1992 ഡിസംബര്‍ ആറിന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള കർസേവകർ തകർത്തതാണ് കേസ്. ശ്രീരാമൻ ജനിച്ച സ്ഥലത്തെ രാമക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചത് എന്നായിരുന്നു കർസേവകരുടെ ആരോപണം.
ബി.ജെ.പി യുടെ മുതിർന്ന നേതാക്കളായ മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി, മുൻ കേന്ദ്ര മന്ത്രി മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പടെ 32 പേരാണ് കേസിലെ പ്രതികള്‍.
യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തെ അടിമുടി മാറ്റിമറിച്ച ബാബറി മസ്ജിദ് കേസ് 28 വര്‍ഷമായി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പള്ളി തകര്‍ത്ത കേസില്‍ രണ്ട് എഫ്‌ഐആറാണ് ഉള്ളത്. പള്ളിയുടെ മിനാരത്തിലേക്ക് തകർക്കാനുള്ള ആയുധങ്ങളുമായി കയറിയ കര്‍സേവകര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത നമ്പര്‍ 197/92 ആണ് ഒന്നാം എഫ്.ഐ.ആർ. രണ്ടാമത്തേത് ബിജെപിയുടെ അദ്വാനി, ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, വിഎച്ച്പിയുടെ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി റിതംബര എന്നിവര്‍ക്കെതിരെയുള്ള 18/92 നമ്പര്‍ കേസ്. ഇതില്‍ ഹരി ഡാല്‍മിയ, ഗിരിരാജ് കിഷോര്‍, അശോക് സിംഗാള്‍ എന്നിവര്‍ വിചാരണക്കാലയളവിനിടെ മരണപ്പെട്ടു. ഇതോടൊപ്പം പളളി തകര്‍ത്ത ദിനം മാധ്യമപ്രവര്‍ത്തരെ കൈയേറ്റം ചെയ്തതിന് 47 എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.1993 ലാണ് കേസ് സി ബി ഐ യുടെ കയ്യിലെത്തുന്നത്. 93 ഓഗസ്റ്റ് 27 ന് ഉത്തർപ്രദേശ് പൊലീസ് കേസുകള്‍ സിബിഐക്ക് കൈമാറി. 1993 ഒക്ടോബര്‍ അഞ്ചിന് സിബിഐ എട്ടു നേതാക്കള്‍ക്കും 40 പ്രവര്‍ത്തകര്‍ക്കുമെതിരെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.

ഇതു കഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷം കേസിലെ ക്രിമിനല്‍ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. പള്ളി പൊളിച്ചതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട് എന്നും ആസൂത്രണം ചെയ്ത ആക്രമണമാണ് അരങ്ങേറിയത് എന്നും കുറ്റപത്രത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തില്‍ ശിവസേനാ നേതാവ് ബാല്‍താക്കറെയെയും മൊറേശ്വര്‍ സേവിനെയും പ്രതി ചേര്‍ക്കുകയും ചെയ്തു.

1997 ല്‍ 48 പ്രതികള്‍ക്കെതിരെ ലഖ്‌നൗ മജിസ്‌ട്രേറ്റ് ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് കുറ്റം ചുമത്തി. എന്നാൽ ഇതില്‍ 34 പേര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങി. 2001 ൽ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി 2001 ഫെബ്രുവരി 12ന് എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം അലഹബാദ് ഹൈക്കോടതി എടുത്തു കളഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ മെയ് നാലിന് ലഖ്‌നൗ പ്രത്യേക കോടതി 197, 198 എഫ്‌ഐ ആറുകള്‍ വിഭജിച്ചു. 21 പേര്‍ റായ്ബറേലി കോടതിയിലും 27 പേര്‍ ലഖ്‌നൗ കോടതിയിലും വിചാരണ നേരിടണമെന്നായിരുന്നു ഉത്തരവ്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം എടുത്തു കളഞ്ഞ വിധിക്കെതിരെ സിബിഐ 2003 ജൂലൈയില്‍ റിവ്യൂ ഫയല്‍ ചെയ്‌തെങ്കിലും അതു തള്ളി.

എന്നാല്‍ 2005 ജൂലൈയില്‍ അദ്വാനിയെയും മറ്റുള്ള നേതാക്കളെയും കുരുക്കിലാക്കി വീണ്ടും കോടതി വിധി വന്നു. വിദ്വേഷം വമിക്കുന്ന പ്രസംഗങ്ങളുടെ പേരിൽ ഈ നേതാക്കൾക്കെതിരെ ഹൈക്കോടതി കുറ്റം ചുമത്തി.

കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ 2011ല്‍ സുപ്രിംകോടതിയെ സമീപിച്ചു. 2017 ഏപ്രില്‍ 19ന് കേസില്‍ പ്രതിദിന വിചാരണ വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

പൊലീസുകാരും മാധ്യമപ്രവര്‍ത്തകരുമുൾപ്പടെ നാല്‍പ്പതിനായിരത്തോളം സാക്ഷികളെയാണ് സിബിഐ വിസ്തരിച്ചത്. വാക്കാലുള്ള തെളിവാണ് കേസിലെ വിചാരണയില്‍ സുപ്രധാനമായത്. ആയിരക്കണക്കിന് സാക്ഷികളില്‍ വെറും 351 പേരാണ് കോടതിയിലെത്തി മൊഴി നല്‍കിയത്.
എന്നാൽ 2019 നവംബറില്‍ ബാബരി മസ്ജിദ്-രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതി തീര്‍പ്പു കല്‍പ്പിച്ചു. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രത്തിന് വിട്ടു കൊടുക്കാനായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതായിരുന്നു ഈ ഉത്തരവ്. മസ്ജിദ് തകര്‍ത്തത് നിയമലംഘനമാണെന്നും ഗുരുതര കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
മസ്ജിദ് തകർത്തത് ഗുരുതര കുറ്റകൃത്യമാണെന്നു വിശേഷിപ്പിച്ച കോടതി ,ഭൂമി രാമക്ഷേത്ര നിർമാണത്തിനു വിട്ടുകൊടുത്തു എന്നതിലെ വൈരുദ്ധ്യം അന്നേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

2020 ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിർവഹിക്കുകയും ചെയ്തു.

Share
samadarsi2@gmail.com'

About നിശാന്ത് പരിയാരം

View all posts by നിശാന്ത് പരിയാരം →

Leave a Reply

Your email address will not be published. Required fields are marked *