തൃശൂര്‍: 35,000 മാത്രം അംഗ സംഖ്യയുളള ക്രൈസ്തവ സഭയില്‍ ഭണ്ഡാര വരവ് കോടികള്‍. കുന്നംകുളം ആസ്ഥാനമായ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ഭണ്ഡാരത്തിലാണ് കണക്കറ്റ വരുമാനം . കഴിഞ്ഞ കാലങ്ങളില്‍ ശരാശരി 10 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന സ്ഥാനത്താണ് 2015 മുതല്‍ 2018 വരെയുളള കാലഘട്ടങ്ങളില്‍ ഈ ഗണ്യമായ വ്യാത്യസം കണ്ടത്.
അദ്ധ്യാപക നിയമനത്തിന് വാങ്ങിയ കോഴപ്പണം ഭണ്ഡാര വരുമാനമായി രേഖ ചമക്കുകയായിരുന്നു ഇവര്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അദ്ധ്യാപികയുടെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ പോലീസിന് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് ഈ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. 2015-2018 കാലത്ത് നാല് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനായി ഇന്റര്‍വ്യൂ നടന്നിരുന്നു. നിയമനത്തിനായി പലരില്‍ നിന്നും വാങ്ങിയ ലക്ഷങ്ങള്‍ ഭണ്ഡാരത്തിലെ വരുമാനമായി എഴുതി ചേര്‍ക്കുകയായിരുന്നു.
ഷൊര്‍ണ്ണൂര്‍ കൊളപ്പുളളി സ്വദേശിനിയായ ജിജി.പി.ചേറപ്പന്‍റെ പരാതിയിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്തുവന്നത്. സഭയുടെ തൊഴിയൂരിലെ സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ സ്ഥിരനിയമനം നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. അകാലത്തില്‍ മരിച്ച ഭര്‍ത്താവിന്‍റെ ഇന്‍ഷുറന്‍സ് തുകയാണ് അദ്ധ്യാപിക നല്‍കിയത്. നാലുവര്‍ഷം അവര്‍ സ്‌കൂളില്‍ ഗസ്റ്റ്‌ലക്ച്ചററായി ജോലി ചെയ്തു. 2019 ല്‍ പോസറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ മറ്റൊരു അദ്ധ്യാപികക്ക് പ്രമോഷന്‍ നല്‍കി നിയമിക്കുകയും ഇവരെ പുറത്താക്കുകയും ചെയ്തു. 2019 ജൂണ്‍ 6 ന് സ്‌കൂളിലെത്തിയ അദ്ധ്യാപികയോട് രജിസ്റ്ററില്‍ ഒപ്പിടേണ്ടയെന്ന് പറയുകയായിരുന്നു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഭയുടെ മിനറ്റ്‌സ് ബുക്കും മറ്റുരേഖകളും പോലീസ് കസ്റ്റഡിയിലെടുത്തു. സഭയുടെ അദ്ധ്യക്ഷനെയുള്‍പ്പടെ പ്രതി ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് ഗുരുവായൂര്‍ പോലീസ് പറഞ്ഞു.




