റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ വലിയ കടൽ വേട്ടക്കാർ മരുഭൂമിയിൽ നിത്യമായി ഉറങ്ങുന്നു..

September 26, 2020 - 6:19 pm

സാൻ്റിയാഗോ: 160 ദശലക്ഷം വർഷങ്ങൾക്കു മുൻപ് വലിയ തലയോട്ടിയും ശക്തമായ കൂർത്ത പല്ലുകളുമുള്ള വേട്ടക്കാരായ ജലജീവികൾ ധാരാളമായി ഉണ്ടായിരുന്ന കടൽഭാഗമായിരുന്നു ഇന്നത്തെ ആൻ്റീസ് പർവതനിരയുടെ പടിഞ്ഞാറ്, അതിൻ്റെ തെളിവ് കണ്ടെടുത്തിരിക്കുകയാണ് ചിലിയിലെ ഒരു സംഘം ഗവേഷകർ.

ഇപ്പോഴവിടെ കടലല്ല, അറ്റക്കാമയെന്ന ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയാണുള്ളത്, മൂന്നോ നാലോ വർഷങ്ങൾ കൂടുമ്പോൾ മാത്രം പേരിന് ഒരു ചാറ്റൽ മഴ പെയ്യുന്ന, മരുപ്പല്ലികളെ പോലെ അത്യപൂർവം ജീവജാലങ്ങൾ മാത്രമുള്ള ഒരു മരുഭൂമി.

കടൽ മാറി കര തെളിയുകയും ജീവൻ്റെ പരിണാമ ചക്രം പിന്നെയും കുറേ മുന്നോട്ടു തിരിയുകയും ചെയ്തപ്പോൾ ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിനും ഉറച്ച പാറകൾക്കുമിടയിൽ ‘പ്ലിയോസോറുകൾ ‘എന്ന പഴയ കടൽ വേട്ടക്കാർ ഫോസിലുകൾ മാത്രമായി ബാക്കിയായി.

അറ്റക്കാമയിലെ രണ്ട് ഉത്ഖനന പ്രദേശങ്ങളിൽ നിന്നായി ചിലിയിലെ ഗവേഷകർ കൊലയാളി തിമിംഗലങ്ങളോട് സാമ്യമുള്ള പ്ലിയോസോറുകളുടെ ഫോസിലുകൾ ഈയിടെ കണ്ടെടുത്തു. പരിണാമത്തിലെ വിടവുകൾ നികത്താൻ ശാസ്ത്രജ്ഞരെ സഹായിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ചിലി സർവകലാശാലയിലെ പാലിയൻ്റോളജിസ്റ്റായ റോഡ്രിഗോ ഒറ്റെറോ പറയുന്നു.

”2017 മുതലാരംഭിച്ച ഉത്ഖനനത്തിനൊടുവിലാണ് ഏഴ് മീറ്ററോളം നീളമുള്ള ഒരു പ്ലിയോസോർ ഫോസിൽ ഞങ്ങൾക്ക് കണ്ടെത്താനായത്. ഇതിൻ്റെ തലയോട്ടിക്ക് മാത്രം ഒരു മീറ്റർ നീളമുണ്ട്. പല്ലുകൾക്ക് എട്ടു മുതൽ 10 സെൻ്റീമീറ്റർ വരെ നീളവുമുണ്ട്. ജൂറാസിക് കാലത്തെ കരയിലെ ഭയങ്കരൻമാരായ ‘ടി റെക്സ് ‘ എന്ന ഇരപിടിയൻമാരേക്കാൾ ശക്തമായ പല്ലുകളാണ് ഇവയ്ക്കുള്ളത്. ”
ഒറ്റെറോ കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *