ന്യൂ ഡൽഹി: 2020ല്‍ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഇടം പിടിച്ച് ഷഹീൻ ബാഗ് സമരനായിക ബിൽകീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഷഹീൻബാഗിലെ ദാദി എന്നറിയപ്പെട്ട ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്.
“ഈ രാജ്യത്തിലെ, ലോകത്തിലെ കുട്ടികള്‍ സമത്വത്തിന്‍റെയും നീതിയുടേയും വായു ശ്വസിക്കുന്നതിനായി എന്റെ ഞെരമ്പുകളിലെ രക്തയോട്ടം നിലക്കുന്നതു വരെ ഞാന്‍ ഈ സമരം തുടരുമെന്ന് വിളിച്ചു പറഞ്ഞാണ് ഷഹീൻ ബാദിൽ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മയിൽ ബിൽക്കീസ് പങ്കെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉറച്ച ശബ്ദമായി മാറിയ ബിൽക്കീസിനെ 2019 ൽ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരിൽ ഒരാളായാണ് ടൈം മാഗസിന്‍ പട്ടികയിലേക്ക് തെരഞ്ഞെടുത്തത്
2019 ഡിസംബറിലാണ് പൗരത്വഭേദഗതി ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് രാജ്യമെങ്ങും വന്‍ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. പ്രായം തളര്‍ത്താത്ത കരുത്തുറ്റ ശബ്ദമായി അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഒരുകയ്യില്‍ പ്രാര്‍ത്ഥനാമാലയും മറുകയ്യില്‍ ദേശീയ പതാകയുമായാണ് ബിൽക്കീസ് സമരപ്പന്തലിലുണ്ടായത് എന്ന് മാധ്യമ പ്രവർത്തക റാണ അയ്യൂബ് പറഞ്ഞിരുന്നു. രാവിലെ 8 മണിക്ക് പ്രതിഷേധപന്തലിലെത്തുന്ന അവര്‍ അര്‍ധരാത്രി വരെ ആ സമരത്തിന്‍റെ ഭാഗമായിരുന്നു. സമരത്തിനെത്തിയ ചെറുപ്പക്കാർക്ക് പ്രചോദനമായിരുന്നു അവർ.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ്താരം ആയുഷ്‍മാൻ ഖുറാന, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, പ്രൊഫസർ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു ഇന്ത്യക്കാർ. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ, ഡെമോക്രാറ്റിക് വൈസ്പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ്, ജർമൻ ചാൻസലർ ഏംഗല മെർക്കൽ, ചൈനീസ് പ്രസിഡൻറ്ഷീ ജിൻപിങ്, ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ, അമേരിക്കൻ ഡോക്ടർ അന്‍റോണിയോ ഫൗസി എന്നിങ്ങനെയുള്ള നേതാക്കളും പ്രശസ്തരും ലിസ്റ്റിൽ ഉൾപ്പെട്ടവരിലുണ്ട്.



