ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ 16 ലക്ഷം കുടിവെള്ള കണക്ഷനുകള്‍; മന്ത്രി കെ കൃഷ്ണന്‍കുട്ടി

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനത്ത് 16 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ജില്ലയുടെ കിഴക്കന്‍ മേഖലയുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി ആരംഭിച്ച മൈലംതലവൂര്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 13 ഓളം ജലജന്യരോഗങ്ങള്‍ ശുദ്ധജലത്തിന്റെ അപര്യാപ്തതയില്‍ ഉണ്ടാകുമെന്ന് സമീപകാല പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. മൈലംതലവൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധജലം എത്തിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

ജലവിതരണത്തിനുള്ള പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ ആദ്യം നടക്കും. ദേശീയ-ഗ്രാമീണ ത്വരിത ജലവിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച പതിനെട്ട് കോടി രൂപ ഇതിനായി വിനിയോഗിക്കും. ജല്‍ജീവന്‍ മിഷനില്‍ നിന്നും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പതിനാറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ജല അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. മൈലം തെറ്റിക്കുഴിയില്‍ 6.23 ദശലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്ക് നേരത്തെ സ്ഥാപിച്ചിരുന്നു. ഒന്‍പതുകോടി രൂപ ചെലവിലാണ് ടാങ്കും കിണറും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരിക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ കൂട്ടായ്മയിലൂടെ കണ്ടെത്തിയ  6.40 ലക്ഷം രൂപ വിനിയോഗിച്ചാണ് ടാങ്ക്  നിര്‍മിക്കാനുള്ള എട്ട് സെന്റ് ഭൂമി വാങ്ങിയത്. നിര്‍മാണം പൂര്‍ത്തികരിക്കുന്നതോടെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിലെ 20 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കുന്ന ബൃഹത്പദ്ധതിയായി ഇത് മാറും.

ചടങ്ങില്‍ പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായി. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മുരളീധരന്‍, വൈസ് പ്രസിഡന്റ് എല്‍ ഉഷാ കുമാരി, പഞ്ചായത്ത് അംഗങ്ങളായ ജി ഉണ്ണികൃഷ്ണന്‍ നായര്‍, മാര്‍ഗ്രറ്റ് ജോണ്‍സണ്‍, സിന്ധു യശോധരന്‍, ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ എസ് സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7757/Drinking-water.html

Share
അഭിപ്രായം എഴുതാം