പാരിസ്: ദയാവധം അനുവദിച്ചില്ലെങ്കില്‍ തന്റെ മരണം തത്സമയം സോഷ്യല്‍ മീഡിയിലൂടെ ജനങ്ങളെ കാണിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പൗരന്‍. ഫ്രഞ്ച് പൗരനായ അലന്‍ കോക്കാണ് ദയാവധത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരുന്നുകളും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണത്തിന് തയ്യാറെടുക്കുന്നത്. നാലഞ്ച് ദിവസങ്ങള്‍ക്കകം മരണം സംഭവിക്കും എന്നാണ് ഈ 57കാരന്‍ പറയുന്നത്. ഇത് സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി വാസവും വേദനയും സഹിക്കാന്‍ വയ്യാത്തതിനാലാണ് ദയാവധം ആവശ്യപ്പെട്ടത്.
തന്നെ പോലെ മരണം മുന്നില്‍ കണ്ട് യാതന അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ സമൂഹം തിരിച്ചറിയാന്‍ വേണ്ടിയാണ് തന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ആയി കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം, കഷ്ടിച്ച് ഒരാഴ്ച മാത്രമേ അദ്ദേഹം ജീവിച്ചിരിക്കുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രക്തക്കുഴലുകള്‍ ഒട്ടിച്ചേരുന്ന അപൂര്‍വ്വ രോഗാവസ്ഥയിലുള്ള ആളാണ് അലെയ്ന്‍. രോഗക്കിടക്കയില്‍ കഴിയുന്ന അനാഥനായ ഇയാള്‍ സമാധാനത്തോടെ മരിക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കത്തയച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച് നിയമം ദയാവധം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി മാക്രോണ്‍ ഈ ആവശ്യം നിരാകരിക്കുകയാണുണ്ടായത്.
നിലവിലെ നിയമവ്യവസ്ഥയ്ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് മാക്രോണ്‍ അലന് മറുപടിയായി പറഞ്ഞത്. സമാധാനപരമായി മരിക്കാനുള്ള അലന്റെ ആഗ്രഹം നടത്തിക്കൊടുക്കാനുള്ള വകുപ്പുകള്‍ ഫ്രാന്‍സിലെ നിയമഘടനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ മുതല്‍ ഫേസ്ബുക്കില്‍ ലൈവ് ആരംഭിക്കുമെന്നാണ് അലന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ അലെന്‍ ഇത്തരത്തില്‍ ഫേസ്ബുക്ക് ലൈവ് കാണിക്കുന്നതിന് അധികൃതര്‍ അനുവദിക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല