റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പക്ഷപാതപരമായല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന് മറുപടി നല്‍കി ഫെയ്‌സ് ബുക്ക്. ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്നുള്ള വര്‍ഗീയ പോസ്റ്റുകളോടു ഫേസ്ബുക്ക് ഇന്ത്യ മൃദുസമീപനം കാണിച്ചെന്ന കെസി വേണുഗോപാലിന്റെ ആരോപണത്തിന് നല്‍കിയ മറുപടിയിലാണ് ഫെയ്‌സ് ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ആളുകള്‍ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാവുന്ന ഇടമായിട്ടാണ് തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇക്കാര്യം ഉറപ്പുവരുത്താനും ശ്രമിക്കാറുണ്ട്. പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണങ്ങളെ ഗൗരവമായി തന്നെ കാണുന്നു, എതെങ്കിലും വിധത്തിലുള്ള വിദ്വേഷ- വര്‍ഗീയതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ അപലപിക്കുന്നുവെന്നും ഫെയ്‌സ് ബുക്ക് വ്യക്തമാക്കി.

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ നേതൃത്വത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗിനാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് കത്തയച്ചത്.ബിജെപി നേതാക്കളോട് ഫേസ്ബുക്ക് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണവുമായി വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടാണ് വിവാദത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ഫേസ്ബുക്ക് ഇന്ത്യാ വിഭാഗത്തിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. സംഭവത്തില്‍ ഒന്നോ രണ്ടോ മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി ബന്ധമുള്ള നാലുപേര്‍ക്കെതിരെ വിദ്വേഷ – പരാമര്‍ശ ചട്ടം ഉപയോഗിച്ച് നടപടിയെടുത്തില്ലെന്നാണ് ഫേസ്ബുക്കിലെ മുഖ്യ പബ്ലിക് പോളിസി എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ചുള്ള വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇവര്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്താല്‍ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ ആംഖി ദാസ് ഉദ്യോഗസ്ഥരോടു പറഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി നേതാക്കള്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് തുടരുകയാണെന്നും എന്നാല്‍ ഫേസ്ബുക്ക് നേതൃത്വം ബിജെപിയ്ക്കു വേണ്ടി പക്ഷപാതപരമായ സമീപനം സ്വീകരിക്കുകയാണെന്ന വ്യക്തമായ ആരോപണമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് കെ സി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ ഈ ഇടപെടല്‍ രാജ്യത്തെ ജനാധിപത്യസംവിധാനത്തെ ബാധിക്കുമെന്നും വിദ്വേഷ പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തത് ആരോപണം ശരിവെക്കുന്നതാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയും ഫേസ്ബുക്ക് ഇന്ത്യ നേതൃത്വവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. വിദ്വേഷ പോസ്റ്റുകള്‍ സംബന്ധിച്ച 2014 മുതലുള്ള റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *