ന്യൂഡല്‍ഹി: 34ആം വയസ്സില്‍ അദ്ധ്യാപകന്റെ ജോലി ഉപേക്ഷിച്ച് പാര്‍ലമെന്റ് അംഗമായ പ്രണബ് മുഖര്‍ജി തികച്ചും രാഷ്ട്രീയക്കാരനായ രാഷ്ട്രപതി തന്നെയായിരുന്നു. രാഷ്ട്രപതി സ്ഥാനത്തിരുന്ന് മാധ്യമങ്ങള്‍ക്ക് ഒരു അഭിമുഖം പോലും നല്‍കാതിരുന്നു. പ്രണബ് മുഖര്‍ജി അവശ്യഘട്ടങ്ങളിലെല്ലാം തന്റെ അഭിപ്രായം ജനങ്ങളോട് തുറന്നു പറഞ്ഞു. പാര്‍ലമെന്റ് തടസ്സപ്പെടുമ്പോഴും, ഓര്‍ഡിനന്‍സ് വഴി നയം നടപ്പാക്കുമ്പോഴും, അസഹിഷ്ണുത അഴിഞ്ഞാടുമ്പോഴും, ക്യാംപസുകളില്‍ സംവാദം തടസ്സപ്പെടുമ്പോഴും ഒക്കെ പ്രണബ് മുഖര്‍ജിയുടെ സ്വരം ഭരിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി ഉയര്‍ന്നു. എന്നാല്‍ ഒരിക്കല്‍ പോലും സര്‍ക്കാരുമായി പരസ്യ ഏറ്റുമുട്ടലിനോ ഭരണത്തിന്റെ വഴിയില്‍ പ്രതിസന്ധിയുണ്ടാക്കാനോ ശ്രമിച്ചില്ല. പ്രണബ് മുഖര്‍ജി മകനെ പോലെ തന്നെ ഉപദേശിച്ചു എന്നാണ് നരേന്ദ്ര മോദി തന്നെ പറഞ്ഞത്.
മുന്‍ഗാമികളെ പോലെ വിദേശയാത്രകളോട് വലിയ താത്പര്യം രാഷ്ട്രപതി സ്ഥാനത്ത് എത്തിയ ശേഷം പ്രണബ് പ്രകടിപ്പിച്ചില്ല. എന്നാല്‍ ഇന്ത്യക്കകത്ത് എല്ലാ സംസ്ഥാനങ്ങളിലേക്കും പല വട്ടം പ്രണബ് മുഖര്‍ജി എത്തി. 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തിയത്. പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും സഹചാരിയുമായി. 1969ല്‍ രാജ്യസഭാംഗമായി. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയും പിന്നീട് ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായും സേവനം അനുഷ്ഠിച്ചു. കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നയരൂപീകരണത്തിന്റയും മുഖ്യസൂത്രധാരനായി. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരയുടെ കൂടെ ഉറച്ചു നിന്ന നേതാക്കളിലൊരാളായിരുന്നു.
1982-1984 കാലത്ത് വീണ്ടും ധനമന്ത്രിയായി. 1980-1985 സമയത്ത് രാജ്യസഭയിലെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസില്‍ നിന്നു തെറ്റി പിരിഞ്ഞു. രാഷ്ട്രീയ സമാജ് വാദി കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ വീണ്ടും തിരിച്ചു വന്ന് രാജീവുമായി സന്ധി ചേര്‍ന്നു. നരസിംഹ റാവു കാലത്ത് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി വീണ്ടും അധികാര സ്ഥാനത്തെത്തി. രാജീവ് ഗാന്ധിയുടെ മരണ ശേഷം സോണിയാ ഗാന്ധിയെ കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് കൊണ്ടു വന്നതിനു പിന്നിലെ ബുദ്ധി കേന്ദ്രവും പ്രണബ് മുഖര്‍ജിയുടേതായിരുന്നു. 2004 ലെ ഒന്നാം യുപിഎയിലെ മന്ത്രി സ്ഥാനം മുതല്‍ 2012 ല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സ്ഥാനം രാജിവെക്കും വരെ മന്‍മോഹന്‍ മന്ത്രി സഭകളിലെ രണ്ടാമനായിരുന്നു പ്രണബ്.



