റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിട്ടാതെ പോയ പ്രധാനമന്ത്രി പദം

August 31, 2020 - 7:46 pm

ന്യൂഡല്‍ഹി: 1984 ഒക്ടോബര്‍ 31ന് സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ഇന്ദിരാഗാന്ധി മണ്‍മറഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നവരുണ്ട്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുമ്പോള്‍ രാജീവ് ഗാന്ധിയും പ്രണബ് മുഖര്‍ജിയും കൊല്‍ക്കത്തയിലായിരുന്നു. ഡല്‍ഹിയിലേക്കുള്ള തിരക്കിട്ട യാത്രയില്‍ ഇരുവരും തൊട്ടടുത്ത സീറ്റുകളിലായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധി പ്രണാബിനോട് ചോദിച്ചു,’ ഇനി എന്തായിരിക്കണം നടപടി ക്രമം, ആരായിരിക്കണം പ്രധാനമന്ത്രി?’ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് നേതാവ് എന്നായിരുന്നു പ്രണാബിന്റെ മറുപടി. ആ കസേരയ്ക്ക് യോഗ്യത തനിക്കാണെന്ന് വംഗ്യം. അതുണ്ടായില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത് ചരിത്രം.

രാജീവ് ഗാന്ധിയുടെ മരണശേഷം പി വി നരസിംഹ റാവുവും പിന്നീട് ഡോ. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസിന്റെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി. അന്ന് വിമാനത്തിലിരുന്ന് പ്രണബ് പറഞ്ഞ മറുപടി പിഴച്ചുവോ എന്നറിയില്ല, നെഹ്റു കുടുംബം അല്‍പ്പം ഭയ-ഭക്തി ബഹുമാനത്തോടെയാണ് പ്രണാബിനോട് പെരുമാറിയത്. ചാണക്യനായ പ്രണബ് പ്രധാനമന്ത്രിയായാല്‍ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമെന്നും കോണ്‍ഗ്രസിലെ ഉപദേശക വൃന്ദം സോണിയ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടാവണം.


2012 ല്‍ വീണ്ടും പ്രണബ് പ്രധാനമന്ത്രി കസേരയുടെ അടുത്തെത്തിയതാണ്. ഡോ. മന്‍മോഹന്‍ സിംഗിനെ പ്രസിഡന്റാക്കി പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കാമെന്ന് സോണിയാ ഗാന്ധി സൂചനയും നല്‍കി. പക്ഷേ വീണ്ടും പ്രധാനമന്ത്രി കസേരയുടെ നറുക്ക് വീണത് മന്‍മോഹന് തന്നെയാണ്. ഈ വാക്ക് നിറവേറ്റാന്‍ കഴിയാത്തതുകൊണ്ടാവണം പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കിയത്.


ആര്‍എസ്എസിന്റെ ആസ്ഥാനത്ത് മുഖ്യാതിഥിയായി പോയ തികഞ്ഞ മതേതര വാദിയായ പ്രണബ് മുഖര്‍ജിക്ക് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു. എന്നാല്‍ രാഷ്ട്രീയത്തിന് അതീതനാണ് താനെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. ഒടുവില്‍ എതിര്‍പക്ഷത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് കാര്യാലയവും പ്രണബ് മുഖര്‍ജിയെ അംഗീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *