ഡിവോണിയൻ കാലത്തെ മഹാ വംശനാശം സൂപ്പർനോവാ സ്ഫോടനത്തിന്റെ ഫലമെന്ന് പഠനം:

വാഷിംഗ്ടൺ: 359 ദശലക്ഷം വർഷങ്ങൾക്കു മുൻപുണ്ടായ മഹാ വംശനാശത്തിന് കാരണം അതിവിദൂരതയിൽ നടന്ന ചില സൂപ്പർനോവാ സ്ഫോടനങ്ങളാകാമെന്ന നിഗമനത്തിൽ ഗവേഷകർ.

അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ഡിവോണിയൻ കാലത്തെ മഹാവംശനാശത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.

359 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമിയിലെ വലിയൊരു വിഭാഗം ജീവജാലങ്ങളും ഇല്ലാതായതിന്റെ കാരണം ഇന്നേ വരെ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്നു. ഈ നിഗൂഢതയാണ് പുതിയ ഗവേഷണത്തിലൂടെ ചുരുളഴിയുന്നത്.

ഡിവോണിയൻ കാലത്തെ പാറകളിൽ നിന്ന് ശേഖരിച്ച സസ്യ സ്പോറുകൾ അൾട്രാവയലറ്റ് റേഡിയേഷനു വിധേയമായതായി ഗവേഷകർ തിരിച്ചറിഞ്ഞതാണ് ഗവേഷണത്തിൽ നിർണായകമായത്. ഇക്കാലത്തെ പാറകളിൽ യുറേനിയം – 244 പോലുള്ള ആണവ പദാർത്ഥങ്ങളുടെ സാന്നിധ്യവുമുണ്ട്. ഇതിൽ നിന്നും അക്കാലത്ത് അതിതീവ്രമായ ആണവ വികിരണങ്ങൾക്കും അൾട്രാവയലറ്റ് വികിരണങ്ങളുടെ സ്വാധീനത്തിനും ഭൂമി വിധേയമായിട്ടുണ്ട് എന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.

ഇത്രമാത്രം അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ എത്തണമെങ്കിൽ അക്കാലത്ത് ഓസോൺ പാളിയ്ക്ക് വലിയ ശോഷണം ഉണ്ടായിരിക്കണം. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഭൗമാന്തരീക്ഷത്തിലേക്ക് കടന്നുവന്ന വലിയ ആണവ വികിരണ പ്രവാഹത്തിലേക്കാണ്. അങ്ങനെയൊന്നുണ്ടാകാൻ ഒന്നിലേറെ സൂപ്പർനോവാ സ്ഫോടനങ്ങൾ നടക്കേണ്ടതുണ്ട്. അതാണ് അകലെയെങ്ങോ നടന്ന സൂപ്പർനോവാ സ്ഫോടനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്. അത് നടന്നത് 65 പ്രകാശവർഷം അകലെയാണെന്നും ഗവേഷകർ അനുമാനിക്കുന്നു.

ഓസോൺ പാളിയുടെ ശോഷണം മഹാ വംശനാശത്തിലേക്ക് നയിക്കാവുന്ന കാരണമാണ് എന്ന മുന്നറിയിപ്പും ഈ പഠനം നമുക്ക് തരുന്നുണ്ട്.

Share
അഭിപ്രായം എഴുതാം