കൊച്ചി: സുരേഷ് ഗോപി നായകനാവുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്ക്ക് വിലക്ക് സ്ഥിരപ്പെടുത്തി. കോടതി ഉത്തരവ് പ്രകാരം കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണ്.
ഷാജി കൈലാസ് നിർമ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാർ ഫയൽ ചെയ്ത കേസിലാണ് നടപടി. ഈ സിനിമയുടെ കഥാപാത്രവും തിരക്കഥയും പകർപ്പവകാശം ലംഘിച്ച് പകർത്തി എന്നായിരുന്നു പരാതി. ചിത്രവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ യാതൊരുവിധ പരസ്യപ്രചാരണവും പാടില്ല എന്നും വിധിയായി. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കാനിരുന്ന സിനിമയാണിത്.
വില്ലനായി ജീവിതത്തിലെ നായകൻ – ഒറിജിനൽ കുറുവാച്ചൻ
……………………………………………
രണ്ടു സിനിമകളും പ്രഖ്യാപിച്ചതോടെ സിനിമ ചിത്രീകരണത്തിന് തടസം നിൽക്കുന്ന വില്ലനായി ജീവിച്ചിരിക്കുന്ന യഥാർത്ഥ കുറുവച്ചൻ രംഗത്തെത്തിയിരുന്നു. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പാലാക്കാരൻ്റെ കഥയാണിത്. തന്റെ അനുമതിയില്ലാതെ ഈ കഥ സിനിമയാക്കാൻ പറ്റില്ല എന്ന് കുറുവച്ചൻ തീർത്തു പറഞ്ഞു.മോഹൻലാലാണ് തന്റെ കഥാപാത്രമായി കുറുവച്ചന്റെ മനസിലുള്ളത്. എന്നാലും സുരേഷ് ഗോപിയുടെ ആകാരവും ഡയലോഗ് പ്രസന്റേഷനും കഥാപാത്രത്തിനിണങ്ങുന്നതാണെന്ന് കുറുവച്ചൻ വ്യക്തമാക്കിയിരുന്നു.
പോലീസിലെ ഉന്നതനുമായി കുറുവച്ചൻ നടത്തിയ വർഷങ്ങളുടെ നിയമപോരാട്ടമാണ് കഥയുടെ ഇതിവൃത്തം. വർഷങ്ങൾക്ക് മുൻപ് താൻ രൺജി പണിക്കരുമായി വാക്കു പറഞ്ഞ കഥയാണ് ഇതെന്നും കുറുവച്ചൻ അവകാശവാദം ഉന്നയിച്ചു..
സുരേഷ് ഗോപിയുടെ 250-ാം ചിത്രമായി പ്രഖ്യാപിച്ച സിനിമയാണിത്.



