സാമൂഹിക അകലം പാലിക്കാത്ത പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. തെറ്റായ സന്ദേശം നല്‍കിയ സംഭവങ്ങള്‍

തിരുവനന്തപുരം: ഏറ്റവും ഒടുവിൽ കണ്ടത് മൂന്നാറിന് അടുത്ത് പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ ആണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഒന്നിച്ചാണ് അവിടെ സന്ദർശനം നടത്തിയത്. ഇടുക്കി ജില്ലയിൽ നിന്നുള്ള വൈദ്യുത മന്ത്രി എംഎം മണി അവിടെ ഉണ്ടായിരുന്നു.സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ക്യാമറ ഫ്രെയിമിനുള്ളിൽ നിറഞ്ഞുകവിഞ്ഞ ശരീരങ്ങളും തലകളും ആയിരുന്നു. എല്ലാം ഭരണാധികാരികളുടെയും നേതാക്കളുടെയും മാത്രം.

സാമൂഹിക അകലമില്ലാതെ പെട്ടിമുടിയില്‍ നിന്നവർ

റിപ്പോർട്ടിംഗിന് എത്തിയ മാധ്യമപ്രവർത്തകർ വരെ കൊറോണ രോഗബാധ ഏറ്റുവാങ്ങിയ സാഹചര്യമുണ്ട്. രോഗം പടർന്നു പിടിച്ചിട്ടുള്ള തമിഴ്നാട്ടിലെ ഹോട്ട്സ്പോട്ടിൽ നിന്നും ധാരാളം ആളുകൾ അപകടസ്ഥലത്ത് വന്നുപോയിരുന്നു. അത് സൃഷ്ടിച്ച രോഗഭീതിയുടെ അന്തരീക്ഷത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും തിക്കിമുട്ടി നിന്ന് കേരളത്തിന് മാതൃകയായത്.

മറ്റൊരു രംഗവേദി. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര ശിലാസ്ഥാപനമാണ് . പ്രത്യേകം ക്ഷണിക്കപ്പെട്ട 175 പേർ മാത്രമായിരുന്നു സദസ്സിൽ. പൂജാരിമാരെ ഒഴിവാക്കിയാൽ വേദിയിൽ 5 പേർ മാത്രം. പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ക്ഷേത്രനിർമ്മാണ ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസ് എന്നിവരായിരുന്നു അവർ.

സാമൂഹിക അകലമില്ലാതെ അയോധ്യയില്‍ നിന്നവർ

തിരി തെളിയിക്കൽ ചടങ്ങ് നടക്കുമ്പോൾ യാതൊരു സാമൂഹ്യ അകലവും ഉണ്ടായിരുന്നില്ല. ഗുരുതരമായ ഒരു സ്ഥിതിശേഷം ഇപ്പോൾ ഉടലെടുത്തു കഴിഞ്ഞു. രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസിന് കൊറോണ സ്ഥിരീകരിച്ചു.

കൊറോണ രോഗ വ്യാപനം തടയുന്നതിന് ഉള്ള പ്രധാന മാർഗങ്ങളായി ജനങ്ങളെ പരിശീലിപ്പിക്കുവാൻ ശ്രമിക്കുന്ന ശീലമാണ് സാമൂഹിക അകലവും മാസ്ക് ധരിക്കലും. ഈ രണ്ടു കാര്യങ്ങളിലും വീഴ്ചവരുത്തുന്ന പേരിൽ ആയിരക്കണക്കിന് കേസുകളാണ് രാജ്യവ്യാപകമായി ഓരോദിവസവും രജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്നാൽ രാജ്യത്തെ നയിക്കുന്നവരും ഭരിക്കുന്നവരും പ്രദർശിപ്പിക്കുന്ന മാതൃകകള്‍ നേരെ വിപരീതമാണ്.

കോടിക്കണക്കിന് ആളുകൾ ടെലിവിഷനിലും മറ്റു മാധ്യമങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കാൻ ഇവർ കൂട്ടാക്കുന്നില്ല. ഇത് കാണുന്ന കുട്ടികളും വിദ്യാർത്ഥികളും അടങ്ങുന്ന പൊതുസമൂഹം പഠിച്ചെടുക്കുന്ന സാമൂഹ്യ സന്ദേശം എന്തായിരിക്കും എന്ന് വ്യക്തമാണ്. ഇവയൊക്കെ പറയാനും പ്രചരിപ്പിക്കാനും ഉള്ളവ മാത്രമാണ്! പ്രയോഗത്തിൽ ഇതൊന്നും അത്യാവശ്യമല്ല!! കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന പ്രചാരണങ്ങള്‍ വൃഥാവില്‍!!!

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →