ലബനന്‍: തലസ്ഥാനമായ ബെയ്‌റൂത്തിനെ ഞെട്ടിച്ച സ്‌ഫോടനത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഭവന രഹിതരായതായി റിപ്പോര്‍ട്ട്. ബെയ്‌റൂത്ത് സിറ്റി ഗവര്‍ണര്‍ മാര്‍വാന്‍ ആബൗണ്ടാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ബില്യണ്‍ ഡോളറിന്റെ നാശ നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. 4,000 പേര്‍ക്ക് പരുക്കേറ്റതായും ലെബനീസ് റെഡ് ക്രോസ് ഉദ്യോഗസ്ഥനായ ജോര്‍ജ് കിറ്റാന പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തല്‍. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. നഗരം മുഴുവന്‍ പൊടിപടലം വ്യാപിച്ചു. നിരവധി ആളുകളെ കാണാതായി. ആശുപത്രികള്‍ക്ക് മുന്‍പില്‍ വന്‍ ജനക്കൂട്ടമാണ്. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. ഇതിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാന്‍ തിരച്ചില്‍ നടക്കുന്നുണ്ട്.
ബെയ്‌റൂത്തിലെ തുറമുഖത്തിന് സമീപത്തെ വെയര്‍ഹൗസില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സ്‌ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. വെയര്‍ഹൗസില്‍ 2014 മുതല്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 2700 ടണിലധികം അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഹസന്‍ ദയാബ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പ്രാദേശിക വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.




