കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നതിനിടെ റോഷി അഗസ്റ്റിനെ മാറ്റി മോന്‍സ് ജോസഫിനെ പുതിയ വിപ്പായി പി ജെ ജോസഫ് നിയമിച്ചു. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിപ്പിനെ തിരഞ്ഞെടുത്തതെന്നും ഇക്കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
പാര്‍ട്ടി എംഎല്‍എമാര്‍ക്ക് വിപ്പ് ബാധകമാണ്. ജോസ് വിഭാഗത്തിന്റെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും പി ജെ ജോസഫ് അറിയിച്ചു. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് മത്സരമുണ്ടായാല്‍ വിപ്പ് നല്‍കുന്നതു സംബന്ധിച്ചാണ് അടുത്തനാളില്‍ കേരളാ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കമുണ്ടായത്. ഇപ്പോഴത്തെ സീറ്റ് നില അനുസരിച്ച് ഭരണപക്ഷത്തിന്റെ നോമിനിക്കാണ് വിജയസാധ്യത. എങ്കിലും വോട്ടെടുപ്പ് ആവശ്യമായി വന്നാല്‍ എംഎല്‍എമാര്‍ക്ക് കേരളാ കോണ്‍ഗ്രസ് വിപ്പ് നല്‍കുമെന്നും ജോസ് പക്ഷത്തെ എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കഴിഞ്ഞദിവസം ജോസഫ് പറഞ്ഞിരുന്നു. രാജ്യസഭയിലേക്ക് മത്സരം ഉണ്ടാവുമെന്നു കരുതുന്നില്ല. മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കു വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും പി ജെ ജോസഫ് പറഞ്ഞു.



