പിപിഇ കിറ്റ് നിര്‍മ്മിക്കാന്‍ ചൈന ഉപയോഗിക്കുന്നത് ഉയ്ഗുര്‍ മുസ്ലിംങ്ങളെയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി കൊവിഡ് പ്രതിരോധ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) നിര്‍മ്മിക്കുന്നതിനായി ഉയ്ഗുര്‍ മുസ്ലീങ്ങളെ ഉപയോഗിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ക്കായി പോലും ഉയ്ഗുറുകളെ ഫാക്ടറികളിലേക്കും മറ്റ് സേവന ജോലികളിലേക്കും അയ്ക്കുന്നുണ്ട്. 71 കമ്പനികളാണ് ഇത്തരത്തില്‍ മുസ്ലീംങ്ങളെ തൊഴിലെടുപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്ര്യ ലഘൂകരണ സംരംഭമാണെന്ന് പറയുമ്പോള്‍ തന്നെ, ഈ തൊഴിലാളികളെ മന്ദാരിന്‍ പഠിക്കാന്‍ നിര്‍ബന്ധിക്കുകയും ആഴ്ചതോറും പതാക ഉയര്‍ത്തുന്ന ചടങ്ങുകളില്‍ ബീജിംഗ് സര്‍ക്കാരിനോടുള്ള വിശ്വസ്തത പുലര്‍ത്തണമെന്ന് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഈ ഫാക്ടറികളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് പോലും കയറ്റുമതി ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴില്‍ പദ്ധതിയില്‍ പങ്കെടുക്കാന്‍ തയ്യാറാകാത്തവര്‍ക്ക് പിഴ ഈടാക്കും. ”നിര്‍ബന്ധിത ജോലികളുണ്ട്, താല്‍പ്പര്യമില്ലാത്തപ്പോള്‍ പോലും ആളുകള്‍ അവരെ ഫാക്ടറി ജോലികളില്‍ ഉള്‍പ്പെടാന്‍ കാരണമാകുന്നു,” സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ആമി കെ. ലെഹര്‍ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമപ്രകാരം നിര്‍ബന്ധിത തൊഴിലാളികളായി കണക്കാക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിന്‍ജിയാങിലാണ് ‘റീ -എജ്യുക്കേഷന്‍’ എന്ന് പേരിട്ട് ഒരു ദശലക്ഷത്തോളം ന്യൂനപക്ഷക്കാരായ മുസ്‌ലിംകളെ ചൈന തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം