തൃശ്ശൂർ: എന്നും പരാതിയും സമരങ്ങളും അരങ്ങേറുന്ന പാലിയേക്കര ടോൾ പ്ലാസയിലെ ഇതുവരെ ഉള്ള ടോൾ വരുമാനം മുടക്കുമുതലിനേക്കാൾ 80 കോടികഴിഞ്ഞതായി വിവരാവകാശ രേഖകൾ വ്യക്തമാക്കി. ഒരു വർഷം നൂറു കോടിയിലധികം രൂപയാണ് ടോൾ ഇനത്തിൽ ഇവിടെ പിരിച്ചെടുക്കുന്നത്. ഇതുവരെ 800.31 കോടി രൂപ വരുമാനം ടോൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ആകെ മുടക്കുമുതൽ 721.27 കോടി രൂപയായിരുന്നു എന്ന സർക്കാർ രേഖകൾ പറയുന്നു. ഇനി എട്ടു വർഷം കൂടി ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമുണ്ട്. അടുത്ത കാലത്തും ടോൾ വർദ്ധിപ്പിക്കുകയുണ്ടായി. ഇനിയും വർദ്ധനവ് ഉണ്ടാകും. എല്ലാം കൂടി പരിഗണിക്കുമ്പോൾ 2018 ആകുമ്പോഴേക്കും 2000 കോടിയിലധികം രൂപ ടോൾ കമ്പനിയുടെ കീശയിൽ എത്തും.
മുടക്കുമുതലിനേക്കാൾ വരുമാനം ലഭിച്ചു കഴിഞ്ഞു, ഇനി എട്ടു വർഷം കൂടി ലഭിക്കാനും ഇരിക്കുന്നു. എന്നിട്ടും സമീപകാലത്ത് ടോൾ വർദ്ധിക്കുകയുണ്ടായി. എന്നും പ്രതിഷേധവും സമരവും സംഘർഷവും അരങ്ങേറുന്ന സാഹചര്യമാണ് പാലിയേക്കര ഉള്ളത്. പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ചെറിയ ദൂരം പോകേണ്ടി വരുമ്പോഴും മുഴുവൻ തുക ടോൾ കൊടുക്കേണ്ട ഗതികേട് ഉണ്ട്. ടോൾ കമ്പനിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്. ഇതിലേ കടന്നു പോകുന്ന വാഹന ഉടമകളോട് ടോൾഗേറ്റ് ജീവനക്കാർ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നുണ്ട്. കളക്ടറും ജനപ്രതിനിധിയും അടക്കമുള്ള ആളുകൾ ഈ അപമര്യാദയ്ക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്. പാലിയേക്കരയിലെ അമിത ടോൾ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഇപ്പോൾ ശക്തമാവുകയാണ്.



