ന്യൂഡല്‍ഹി: ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തേക്ക് സൗരോര്‍ജ്ജ മൊഡ്യൂളുകള്‍ക്ക് 20-25 ശതമാനവും സൗരോര്‍ജ്ജ സെല്ലുകള്‍ക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്താന്‍ ഇന്ത്യ. വൈദ്യുതകാര്യമന്ത്രി ആര്‍ കെ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യ സോളാര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. സോളാര്‍ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഇതുവരെ ചുമത്തിയിരുന്നുമില്ല. എന്നാല്‍ ജൂലൈ മുതല്‍ തീരുവ ചുമത്തുന്ന കാര്യം പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പുതിയ തീരുമാനം ചൈനയ്ക്ക് സാമ്പത്തികമായി തിരിച്ചടി നല്‍കും. വ്യവസായ മേഖലയുടെ പുനരുദ്ധാരണ നടപടികളുടെ ഭാഗമായാണ് നടപടിയെന്നും മന്ത്രി പറഞ്ഞു. രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തീരുവ, സോളാര്‍ മൊഡ്യൂളുകള്‍ക്ക് 40% ആക്കണമെന്നാണ് കരുതുന്നത്. ഇന്ത്യ നിലവില്‍ 90% സോളാര്‍ സെല്ലും മൊഡ്യൂള്‍ റിക്വയര്‍മെന്റുകളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര നിര്‍മ്മാതാക്കള്‍ വിലകുറഞ്ഞ ചൈനീസ് മൊഡ്യൂളുകളുമായി മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കി തദ്ദേശിയ നിര്‍മ്മാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.



