സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആരോഗ്യമേഖലയില്‍ നഴ്‌സുമാരുടെ മുഴുവന്‍ നിയമനവും താൽക്കാലികം; റാങ്ക് ലിസ്റ്റിലുള്ളവരുടെ ഭാവി തുലാസില്‍

June 16, 2020 - 12:02 pm

തിരുവനന്തപുരം: ലോകം കൊറോണയ്‌ക്കെതിരേ സകല ശക്തിയുമെടുത്ത് പൊരുതുകയാണ്. ലക്ഷങ്ങള്‍ മരിച്ചുവീണു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കോടിയോടടുത്തു. ഇന്ത്യയും കേരളവും ലോകരാജ്യങ്ങളോട് തോളോടുതോള്‍ ചേര്‍ന്ന് ഈ മഹാമാരിക്കെതിരേ പൊരുതുകയാണ്. നാടിന്റെ വികസന പ്രവര്‍ത്തനത്തിന് വിനിയോഗിക്കേണ്ട ബജറ്റ് തുക മുഴുവന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കേണ്ട ദുരവസ്ഥയിലാണ് രാജ്യവും സംസ്ഥാനങ്ങളും. ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വരെ കൊവിഡ് സ്ഥിരീ കരിക്കുന്ന സംഭവങ്ങളുമുണ്ട്. ഇതുമൂലം ആരോഗ്യരംഗത്ത് പൊരുതാന്‍ കൂടുതല്‍ പേര്‍ കൂടിയേതീരൂ.

കേരളത്തിലോ, ഈ അവസരം മുതലെടുത്ത് ആരോഗ്യമേഖലയില്‍ താല്‍ക്കാലിക നിയമനം നടത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ആറുമാസത്തേക്കാണ് നിയമനം. അടിയന്തര സാഹചര്യത്തില്‍ ഒരുവര്‍ഷം വരെ നീട്ടാമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ 14 ജില്ലകളിലെ റാങ്ക് ലിസ്റ്റും, ഒരു സ്റ്റേറ്റ് വൈഡ് ലിസ്റ്റും (മെഡിക്കല്‍ കോളേജ്) നിലവില്‍ ഉണ്ട്. അതില്‍നിന്ന് വിരലിലെണ്ണാവുന്ന ആളുകളെ മാത്രം എടുത്തുകൊണ്ട് ബാക്കിയുള്ള വേക്കന്‍സിയില്‍ താല്‍ക്കാലി കമായി സ്വന്തം ആള്‍ക്കാരെ താല്‍ക്കാലിക നിയമനം എന്നപേരില്‍ എടുക്കുക യാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അപ്പോള്‍ എന്താണ് ഈ പിഎസ്‌സി ലിസ്റ്റുകളുടെ പ്രാധാന്യം. സ്റ്റാഫിനെ താല്‍ക്കാലികമായി മാത്രമേ എടുക്കാന്‍ പറ്റുള്ളൂ എങ്കില്‍ ഈ റാങ്ക് ലിസ്റ്റില്‍നിന്ന് എടുക്കാമല്ലോ. എന്തിനാണ് റാങ്ക് ലിസ്റ്റിന് പുറത്തുനിന്ന് സ്റ്റാഫിനെ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ എടുക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

കേരള പിഎസ്‌സിയുടെ പരീക്ഷയെഴുതി യോഗ്യരായ 3862 നഴ്‌സുമാരുടെ ലിസ്റ്റ് കേരളത്തിലുണ്ട്. സപ്ലിമെന്ററി ലിസ്റ്റില്‍ 4000 പേര്‍ വേറേയുമുണ്ട്. 2018 ഒക്ടോബര്‍ മുതല്‍ 2021 സെപ്തംബര്‍ വരെയാണ് ഈ ലിസ്റ്റിന്റെ കാലാവധി. പുതിയ വേക്കന്‍സി ക്രിയേറ്റ് ചെയ്ത് ഇതില്‍ അമ്പതോളം പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് ഇപ്പോള്‍ പ്രൊമോഷനുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അങ്ങനെ പ്രൊമോഷനാവുമ്പോള്‍ താഴെ വരുന്ന വേക്കന്‍സികളില്‍ നിയമനം നടത്താവു ന്നതാണ്. പ്രൊമോഷന്‍ നടക്കാത്തതുകൊണ്ട് നിയമനവുമില്ല എന്നതാണ് സ്ഥിതി. പ്രൊമോഷന്‍ റേഷ്യോപ്രകാരം നിയമനം നടന്നാല്‍ എണ്ണൂറോളം പേര്‍ക്ക് നിയമനം ലഭിക്കും. ഏറെ വര്‍ഷത്തെ അധ്വാനംകൊണ്ടാണ് ഒരു റാങ്ക് ലിസ്റ്റില്‍ എത്തുന്നത്.

നിയമനം ലഭിക്കുമ്പോള്‍ ഗ്രേഡ്-2 കാറ്റഗറിയിലായിരിക്കും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഗ്രേഡ് ഒന്നിലേക്ക് പ്രൊമോഷന്‍ ലഭിക്കും. ഒരു ഹെഡ് നഴ്‌സിനു കീഴ്ല്‍ രണ്ട് ഗ്രേഡ്-2, രണ്ട് ഗ്രേഡ്-1 നഴ്‌സുമാര്‍ ഉണ്ടാവണമെന്നാണ് കണക്ക്. ഗ്രേഡ്- 2 നഴ്‌സുമാര്‍ക്ക് തുടക്കത്തില്‍ 36,000 രൂപ ശമ്പളമുണ്ടാവും. പിഎഫ് അടക്കമുള്ള കിഴിക്കലെല്ലാം കഴിഞ്ഞ് 27,000 രൂപ കൈയില്‍ കിട്ടും. എന്നാല്‍, ഇതെല്ലാം അട്ടിമറിച്ച് താല്‍ക്കാലികക്കാരായി സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ്. താല്‍ക്കാലിക നിയമനക്കാര്‍ക്ക് മാസം 17,000 രൂപ ശമ്പളവും മാസം നാല് ഓഫും മാത്രമാണു ലഭിക്കുക.

ഉദ്യോഗസ്ഥതലത്തില്‍ തടഞ്ഞുവച്ചിരിക്കുന്ന ഒഴിവുകള്‍ നികത്തിയാല്‍ അത്രയും കുടുംബങ്ങളെങ്കിലും രക്ഷപ്പെടും. പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ മാത്രം മാലാഖ മാരെന്നു വിളിക്കുകയും അതുകഴിഞ്ഞാല്‍ അവഹേളിക്കപ്പെടുകയും ചെയ്യ പ്പെടുന്ന ഒരു പൊതുമനോഭാവമാണ് നഴ്‌സുമാരോട് കേരളീയര്‍ക്ക്. ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് കേരളത്തിനകത്തും പുറത്തുമായ പഠിച്ച് യോഗ്യത നേടിയ നഴ്‌സുമാര്‍ അവസരമില്ലാതെ ഭാവി ഇരുളടയുന്ന സ്ഥിതിയാണ്. കേന്ദ്രമാനദണ്ഡമനു സരിച്ച് ശമ്പളം നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ കുറവ്. വിദേശത്ത് പോകണ മെങ്കിലും വേണം ലക്ഷങ്ങള്‍. സ്വന്തംനാട്ടില്‍ സേവനം ചെയ്യണമെന്ന ആഗ്രഹ മുള്ളവരാണ് നഴ്‌സുമാരില്‍ ഏറെയും.

തയ്യാറാക്കിയത്: തോമസ് ജോസഫ്,‌ പത്രപ്രവര്‍ത്തകന്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *