റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിങ്കളാഴ്ച 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 73 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1348 പേർ. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

June 16, 2020 - 1:13 am

തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച (15/06/2020) 82 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 11 പേർക്കും, കോട്ടയം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 7 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 5 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേർക്കും, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും, തിരുവനന്തപുരം, വയനാട് ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂൺ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി എസ്. രമേശന്റെ (67) പരിശോധനഫലം പോസിറ്റീവായി. ഇദ്ദേഹം ദീർഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 49 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തർ-5, ഒമാൻ-2, നൈജീരിയ-2) 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-4, ഡൽഹി-3, രാജസ്ഥാൻ-1, പശ്ചിമ ബംഗാൾ-1, തെലുങ്കാന-1) വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂർ ജില്ലകളിലുള്ള 2 പേർക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,174 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

14 ദിവസം കഴിഞ്ഞതിനെ തുടർന്ന് ക്വാറന്റൈനിൽ നിന്നും 1,29,971 പേരെ ഒഴിവാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,18,704 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2023 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം 4491 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 1996 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 31,424 സാമ്പിളുകൾ ശേഖരിച്ചതിൽ 29,991 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,51,686 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതുതായി അഞ്ച് ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ അളഗപ്പ നഗർ, വെള്ളാങ്ങല്ലൂർ, തോളൂർ, കാസർഗോഡ് ജില്ലയിലെ കിനാനൂർ-കരിന്തളം, കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ 125 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *