മുട്ടറ മരുതിമല: ജില്ലയുടെ പച്ചപ്പ് വീണ്ടെടുക്കാന്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ 200 പച്ചത്തുരുത്തുകള്‍ യാഥാര്‍ഥ്യമാകുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വെളിയം പഞ്ചായത്തിലെ മുട്ടറ മരുതിമലയില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി അയിഷാ പോറ്റി എം എല്‍ എ നിര്‍വഹിച്ചു.
പ്രകൃതിയുടെ പച്ചപ്പ് വീണ്ടെടുക്കാനുള്ള ഈ ഉദ്യമം വരും തലമുറയ്ക്ക് കൂടി മുതല്‍ക്കൂട്ടാകും. ഹരിത കേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു. ആദ്യഘട്ടത്തില്‍ മരുതിമലയിലെ ഒരേക്കര്‍ ഭൂമിയില്‍ 2000 തൈകളാണ് നടുന്നത്. പരിസ്ഥിതിയില്‍ അന്യംനിന്ന് പോകുന്ന അപൂര്‍വയിനം സസ്യങ്ങള്‍ മുതല്‍ ആയൂര്‍വേദ ചെടികള്‍ വരെ ഇനി ഇവിടെ പടര്‍ന്നു പന്തലിക്കും.

വെളിയം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി വഴിയാണ് നിലമൊരുക്കല്‍, തൈനടീല്‍, മൂന്ന് വര്‍ഷത്തെ പരിപാലനം എന്നിവ നടത്തുക. ഫല വൃക്ഷ തൈകള്‍, കുറ്റിച്ചെടികള്‍, പ്രാദേശിക സസ്യങ്ങള്‍ എന്നിവയും വച്ച് പിടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മൂന്ന് ലക്ഷം വൃക്ഷ തൈകളാണ് വച്ച് പിടിപ്പിക്കുക. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാല്‍ അധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശശികുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്, പഞ്ചായത്ത് പ്രധിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4910/Newstitleeng.html
ഇളമ്പള്ളൂര്‍ ഗ്രാമം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജ ഗോപന്‍ നിര്‍വഹിച്ചു. ഗ്രാഫ്റ്റ്, ലെയര്‍, ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ മുതലായവ 75 ശതമാനം സബ്‌സിഡി നിരക്കിലും മറ്റ് തൈകള്‍ സൗജന്യമായും നല്‍കും.

കൃഷി ഓഫീസര്‍ സജിത, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ഗോപന്‍, പെരുമ്പുഴ ഗ്രാമോദ്ധാരണ ബാങ്ക് പ്രസിഡന്റ് സോമന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അപേക്ഷാ ഫോം, കരമടച്ച രസീത് എന്നിവയുമായി കൃഷി ഓഫീസില്‍ ബന്ധപ്പെടണം.
ബന്ധപ്പെട്ട രേഖ:https://keralanews.gov.in/4911/Newstitleeng.htm
മുളനാഴി : പരിസ്ഥിതി ദിനത്തില്‍ വേറിട്ട ചിന്തയുമായി അയണിവേലിക്കുളങ്ങര ജോണ്‍ എഫ്. കെന്നഡി മെമ്മോറിയല്‍ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍. പ്ലാസ്റ്റിക് ഗ്രോബാഗുകള്‍ ഒഴിവാക്കി മുളനാഴിയില്‍ ഫലവൃക്ഷതൈകള്‍ ഒരുക്കി ഇവര്‍ മാതൃകയാവുകയാണ്. പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ ഇന്നലെ(ജൂണ്‍ 5) ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ഫലവൃക്ഷതൈകള്‍ കൈമാറി. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ തങ്ങള്‍ക്ക് കിട്ടുന്ന തൈകള്‍ക്കൊപ്പം ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ കൂടി ഭൂമിയിലേക്ക് തള്ളപ്പെടുന്നു എന്ന ചിന്തയില്‍ നിന്നാണ് അതിന് ബദല്‍ ഒരുക്കിയത്.
മുളനാഴികള്‍ പുനരുപയോഗം നടത്തുവാനും പ്രകൃതിയ്ക്ക് ദോഷകരമാവുമാകില്ല എന്ന കാഴ്ചപ്പാടാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. ലോക് ഡൗണ്‍ കാലയളവില്‍ വീടുകളില്‍ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ ശേഖരിക്കുകയും അവ പാകി മുളപ്പിച്ച് മുളനാഴികളില്‍ വളര്‍ത്തിയെടുക്കുകയുമാണ് ചെയ്തത്.

പ്ലാവ്, മാവ്, പേര, ചാമ്പ മുതലായവയുടെ തൈകളാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറോളം തൈകളാണ് ഇത്തരത്തില്‍ വീടുകളില്‍ തയ്യാറാകുന്നത്. വരും ദിവസങ്ങളില്‍ കരുനാഗപ്പള്ളിയുടെ പൊതു ഇടങ്ങളില്‍ ഈ തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജര്‍ മായാ ശ്രീകുമാര്‍, പി ടി എ പ്രസിഡന്റ് ലാല്‍ജി പ്രസാദ്, വൈസ് പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിള്‍, ഗംഗാറാം അധ്യാപകരായ ജെ സുധീര്‍, മുനീര്‍, മീര, ഹാഫിസ് എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/4909/Newstitleeng.html



