തിരുവനന്തപുരം: എന്താണ് സ്‌ട്രോബെറി മൂണ്‍ എന്നറിയാന്‍ വിജ്ഞാനകുതുകികള്‍ ഗൂഗിളില്‍ തിരയുകയായിരുന്നു ഇന്നും ഇന്നലെയും. നക്ഷത്ര നിരീക്ഷകര്‍, ശാസ്ത്രവിദ്യാര്‍ഥികള്‍ തുടങ്ങിയവരെല്ലാം അഹോരാത്രം തിരഞ്ഞു. ഇന്നു വെള്ളിയാഴ്ച (05/06/2020) രാത്രി സ്‌ടോബെറി ചന്ദ്രഗ്രഹണമെന്ന ആകാശനാടകം മാനത്ത് നടക്കും. കാലവര്‍ഷ മേഘങ്ങള്‍ കനിഞ്ഞാല്‍ ഇത് കേരളത്തിലും കാണാന്‍കഴിയുന്നതാണ്. രാത്രി 11.15 മുതല്‍ പുലര്‍ച്ചെ 2.34 വരെയാണു ഗ്രഹണസമയം. 12.54നാണ് ചന്ദ്രഗ്രഹണം പൂര്‍ണതയിലെത്തുന്നത്. അപ്പോള്‍ മാനത്തുകാണാം പെനംബ്രല്‍ മൂണ്‍.
പൂര്‍ണം, ഭാഗികം, പെനംബ്രല്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള ചന്ദ്രഗ്രഹണമാണ് സൗരയൂഥത്തില്‍ സംഭവിക്കുന്നത്. ഇന്ന് പെനംബ്രല്‍ ഗ്രഹണമാണ്. ഈ പരിതസ്ഥിതിയില്‍ സൂര്യന്റെ പ്രകാശത്തെ അതിന്റെ നിഴലിന്റെ പുറംഭാഗവുമായി നേരിട്ട് ചന്ദ്രനില്‍ എത്തുന്നതില്‍നിന്ന് ഭൂമി തടയുന്നു. ഇതാണ് പെനംബ്രല്‍ എന്നുറിയപ്പെടുന്നത്. പെനംബ്രല്‍ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട കാമ്പിനേക്കാള്‍ വളരെ മങ്ങിയതായതിനാല്‍ പെനംബ്രല്‍ ഗ്രഹണം സാധാരണ പൂര്‍ണചന്ദ്രനില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.
സൂര്യനും ഭൂമിയും ചന്ദ്രനും കൃത്യമായ നേരരേഖയില്‍ വരാതെ അല്‍പമൊന്ന് ചരിഞ്ഞ് കടന്നങ്ങു പോകും. അപൂര്‍ണമായി ഇങ്ങനെ ആകാശഗോളങ്ങള്‍ വിന്യസിക്കപ്പെടുമ്പോഴാണ് പെനംബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. എന്നാല്‍, ഇത് സൂര്യചന്ദ്രന്മാരെയോ ഭൂമിയെയോ പ്രവര്‍ത്തനത്തെയോ ഭ്രമണത്തെയോ തെല്ലും ബാധിക്കുന്നുമില്ല.
ഭൂമിയുടെ നിഴല്‍ ചന്ദ്രനിലും ഇതിന്റെ ചക്രവാളത്തിലും പതിച്ചാണ് ചന്ദ്രഗ്രഹണം സംഭവിക്കുക. വെളുത്തവാവ് ദിവസമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഏഷ്യ, ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ഇന്ന് ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇനി ജൂലൈ അഞ്ചിനും നവംബര്‍ 30നും ചന്ദ്രഗ്രഹണം നടക്കുമെങ്കിലും അവ കേരളത്തില്‍ ദൃശ്യമാവുകയില്ല.